Monday, December 29, 2014

ചിറകടിക്കുന്നു ഞാൻ




കെ.വി.പ്രീത


ആശയറ്റീയിരുൾ കൂടാരമൊന്നിൽ ഞാൻ
ഏകയായ് നോവുതിന്നെൻ നാളു നീക്കവെ,
കണ്ടേനൊരു തുരുത്തിൻ വളപ്പൊട്ടങ്ങു
അമ്പിളിക്കലപോലെയെൻ മിഴി വിടരുന്നു
കാടുണ്ട്‌, കുളിരുണ്ട്‌, പൂക്കളോ നിരവധി
അറിവിൻ നിലാവുണ്ട്‌, അമരമന്ത്രങ്ങളും,
പ്രണയവും വിരഹവും രോഷവും ദൈന്യവും
പുഴപോലൊഴുകുമീ തെളിമയും നന്മയും
തഴുകുവാനൊരുപാട്‌ വാത്സല്യക്കൈകളും
ശാസനതെല്ലുണ്ട്‌, സ്നേഹമാണതിലേറെ
ശോകനിവാരിണി സാന്ത്വനദായിനി
നിൻ തൊടിയിലൊരു വെറും പൂമ്പാറ്റക്കുഞ്ഞായി
അതിരറ്റ ശാന്തിയിൽ ചിറകടിക്കുന്നു ഞാൻ
ചിറകെരിക്കുന്നൊരീ ശോകാഗ്നിയണയുന്നു.

Friday, December 26, 2014

കവിയരങ്ങ്

കണ്ണൂർ ജില്ല കവിമണ്ഡലം, കൂത്തുപറമ്പ് മേഖലയുടെ കവിയരങ്ങ് -  മലയാള കലാനിലയം വാർഷികോത്സവത്തോടനുബന്ധിച്ച് 25-12-2014 ന്‌ സംഘടിപ്പിച്ചപ്പോൾ:



Thursday, December 25, 2014

സ്ക്കൂൾമുറ്റത്തെ വെടിയൊച്ച





മോഹനൻ പി.വി., ഇരിട്ടി


അക്ഷരജ്ഞാനം ആർജ്ജിക്കും
അരുമക്കിടാങ്ങൾതൻ-
നെഞ്ചിലേക്ക്‌
വെടിയുണ്ട വർഷിച്ചവരെ,
ഭീരുക്കൾ നിങ്ങൾ !
ദു:ഖങ്ങൾക്കറുതിയാവാൻ
മാറാലപിടിച്ചൊരു സിദ്ധാന്തം
മാറ്റുവിൻ കൂട്ടരെ !


കാവ്യാംഗന



ബാബു, പേരാവൂർ  9895980630

കാലം കനിഞ്ഞെനിക്കേകിയ പുണ്യമേ
കാമിനിയാമെന്റെ കാവ്യസുധാമയി
കന്യകയാമെന്റെ കാമസ്വരൂപിണി
കാവ്യാംഗനെ വശ്യമോഹിനിയാണു നീ
കാവ്യ തപോവന
ശൃംഗത്തിൽ വന്നു നീ
കൺകൾക്കു സായൂജ്യമേകി സുരഭിയായ്
കാമനയാൽ കാവ്യബിംബങ്ങളായിനിൻ
കാമിതമാം തളിർതാരിളം പൂവുടൽ
ദർശനപുണ്യമായ്, സ്പർശനഭാഗ്യമായ്
ദീപ്തമായ് ദീപശിഖയായി നിന്നൊളി
ദിക്മുഖമെങ്ങുംവിളങ്ങുന്നു നീയഷ്ട
ദിക്കിലും വിസ്മയരേണുപ്രവാഹമായ്
പ്രേമാതുരേ, പ്രേമഭാജനമായിനീ
പ്രേമകാവ്യങ്ങളിൽ നീന്തിനീരാടുവാൻ
പ്രാണനിൽ പ്രാണനായ് പ്രേമജേ നീയെന്റെ
പ്രാണഹർഷങ്ങളായ് മാനസേ മത്സഖീ
ഭാസുരഭാവിതൻ തുംഗനഭസ്സിലെൻ
ഭാസുരേ ക്ഷീരപഥങ്ങളായ്തീർന്നു നീ
ഭാവനാരാമങ്ങൾ പൂക്കുവാനെൻസഖി
ഭാവരസാമൃത വൃഷ്ടിപ്രവാഹമായ്
കാലത്തിനൊപ്പം നടക്കാൻ കൊതിച്ചുനാം
കാലദോഷത്തിൻ കനല്ക്കാട്ടിലൂടെയും
കരളിൽ കദനമെരിയുന്നനേരവും
കണ്ണിൽ കനിവിൻ കതിരൊളിയായിനീ
നാളതൻ സത്യം തിരഞ്ഞുനാമെത്രയോ
നാൾ വഴിപിന്നിട്ടുപിന്നിട്ടു പിന്നെയും
നന്മതൻ നാമ്പറ്റ നാടും നഗരവും
നാശകൂപങ്ങളാമാറും പുഴകളും
കാണാത്ത കാഴ്ചകൾ കണ്ടുനാമെത്രയോ
കേൾക്കാത്തതൊക്കെയും കേൾപ്പൂ വിലാപമായ്
കാലം കദനം വിതയ്ക്കുന്നെവിടെയും
കാലത്തിൻ കണ്ണീരുണങ്ങാതിരിക്കുവാൻ
കാവ്യശില്പങ്ങളിൽ കന്മദമൂറുവാൻ
കരുണാർദ്രകാവ്യം രചിക്കാനനുദിനം
തീരങ്ങളിൽനിന്നു തീരത്തിലേക്കെത്ര
തീർത്ഥാടനം ചെയ്തു നാമീവസുധയിൽ
അക്രമിക്കൾക്കരുനിന്നിടുമജ്ഞരെ
കേൾക്കയായ് വിശ്വവിപത്തിന്റെ കാഹളം
വൈരമെരിയും പകയുടെ പാളങ്ങൾ
അക്ഷയ ശാപത്തിലാറാടിനില്ക്കയായ്
മാനവത്വത്തിൻ മഹിമാസനങ്ങളിൽ
മദമത്തടിച്ചു മയങ്ങിയിരിപ്പവർ
മർത്ത്യനെ മർത്ത്യനായ് കാണാൻ കഴിയാതെ
മർക്കടന്യായം കഥിക്കുന്ന കാലമേ
മർത്ത്യസംസ്ക്കാരപ്പൊലിമയിലൻപിന്റെ
കാരുണ്യസ്പർശങ്ങളില്ലില്ലൊരല്പവും
കാലത്തിൻ ഗദ്ഗദമേറുന്നു വീണ്ടുമീ
ലോകം വിതുമ്പുന്നു നാനാവ്യഥകളാൽ
വിശ്വപ്രപഞ്ചം വിളങ്ങുന്നുവെങ്കിലും
മാനവനന്ധതമസ്സിൽ ചരിക്കയാം
ലോകം വെറിയാൽ ഘനീഭവിച്ചീടിലും
കല്പന്തകാലവും നീയുജ്ജ്വലിക്കണം
സരിത്തായ് സരിഗയായ് സാരംഗിയായി നീ
അനുസ്യൂതമെൻ കാവ്യതീർത്ഥമായ്തീരണം
ചാരുസുഹാസിനീ പൂർണിമേ നീ നിത്യ
നൃത്തവിലാസിനിയാകെന്റെമുന്നിലായ്
സപ്തവർണ്ണങ്ങളായ് സപ്തസ്വരങ്ങളായ്
സർവ്വാഭിലാഷവിഭൂഷിതയായിനീ
സ്വർഗ്ഗചൈതന്യമേ നീപെയ്തിറങ്ങണം
സർഗ്ഗപ്രഭാവവിഭാതങ്ങളിൽ സദാ
പ്രേമമനശ്വരമാകണമെന്നുമേ
നശ്വരമല്ല, തളിർക്കണം മേല്ക്കുമേൽ
പ്രണയാർദ്രമാം മൃദുമാനസമോഹങ്ങൾ
പ്രളയത്തിലുമറ്റുപോയിടാമൽ പ്രിയേ
കാലം തെളിക്കുന്ന കാളമേഘത്തിലും
കാവ്യം തുളുമ്പിക്കും കാവ്യാംഗനേ സഖീ
മൃതിയിലുമെന്നെ പുണരണം നിസ്തുലെ
മണ്മറഞ്ഞാലും സ്മരിക്കണമെന്നെ നീ


Monday, December 1, 2014

പ്രകൃതി സൌഹൃദ കവിസംഗമം

മാടായിപ്പാറയിലെ പ്രകൃതി സൌഹൃദ കവിസംഗമം ചിത്രങ്ങളിലൂടെ











Sunday, November 30, 2014

നന്ദി കവികളേ

കണ്ണൂർ ജില്ലാ കവിമണ്ഡലം മാടയിപ്പാറയിൽ നടത്തിയ കവി സമ്മേളന ത്തെക്കുറിച്ച് ഒരു ചെറിയ കവിത
കവിമണ്ഡലം
വടുകുന്ദപ്പുഴയുടെ തീരത്തു നിങ്ങൾ തൻ
കവിതകൾ മാറ്റൊലി കൊണ്ടുവല്ലോ
ഉച്ചവെയിലിന്നുച്ചിയിൽ മെച്ചമായ്
കവിതകൾ ചൊല്ലി രസിച്ചുവല്ലോ
എന്നുടെ നാടിന്റെ സൌന്ദര്യം കണ്ടു
ഈണത്തിൽ കവിതകൾ ചൊല്ലിയല്ലോ
നിങ്ങൾ കവിക്കൂട്ടം മാടായി പ്പാറയിൽ
നാടിന്റെ സൌരഭ്യം നുകർന്നുവല്ലോ
നന്ദി കവികളേ നാടിന്റെ സ്വത്വം
നിങ്ങൾ മനസ്സിൽ സൂക്ഷിച്ചുവല്ലോ
ഓർമ്മയാവുന്നുണ്ട് മാടായിപ്പാറയിൽ
സായന്തനങ്ങൾ ചെലവിട്ടതും
മാടായിക്കാവും വടുകുന്ദ ക്ഷേത്രവും
പുഴയും, പുഴയിലെ വേലിയിറക്കവും

പൂരവും, പൂരംകുളിയും ഉച്ച വെയിലിൽ
പൂരപ്പറമ്പിൽ ഞാൻ ഓടി നടന്നതും
ജൂതക്കുളവും ചൈനാക്ലെയും പിന്നെ
ദാരികൻ കോട്ടയും പൂരം കളികളും
കാലത്തെഴുന്നെള്ളിപ്പും തിടമ്പും
നാന്തകം വാളും മൂത്ത പിടാരരും
അസുരവാദ്യങ്ങൾ മാനത്തുയർന്നൊരാ
മീന മാസത്തിലെയുൽസവ ദിനങ്ങളും
നന്ദി കവികളേ നാടിന്റെ സ്വത്വം
നിങ്ങൾ മനസ്സിൽ സൂക്ഷിച്ചുവല്ലോ
65-30.11.2014
വിനോദ് കുമാർ ടി.വി
vinodkumartv@gmail.com
LikeLike ·  · 

Friday, November 28, 2014

പ്രകൃതിസൌഹൃദ കവിസംഗമം


കണ്ണൂർ ജില്ലാ കവിമണ്ഡലം സംഘടിപ്പിക്കുന്ന പ്രകൃതിസൌഹൃദ കവിസംഗമം
------------------------------------------------------------------------------------------------------
മാടായിപ്പാറയിലെ വടുകുന്ദ തടാകക്കരയിൽ 30-11-2014 ഞായർ രാവിലെ 10.30 ന്‌
അധ്യക്ഷത: ശ്രീ.രാധാകൃഷ്ണൻ അടുത്തില (സാഹിത്യകാരൻ)
ഉദ്ഘാടനം:ശ്രീ. ബാലചന്ദ്രൻ കീഴോത്ത്‌ (കണ്ണൂർ സർവ്വകലാശാല റജിസ്ത്രാർ)
ആദരം:      ഡോ.ആർ.സി.കരിപ്പത്തിനെ (ഫോക്ക്‌ലോർ അക്കദമി പുരസ്ക്കാര ജേതാവ്‌)
                  ആദരിക്കുന്നു.
വീര പഴശ്ശി സ്മൃതി, പരിസ്ഥിതി സംരക്ഷണം, ചരിത്ര പൈതൃക സംവാദം, ചർച്ച
കവിമണ്ഡലം ഏഴാമത്തെ മേഖലയായ  ‘പഴയങ്ങാടി’ മേഖലാ രൂപീകരണം.
കവിയരങ്ങ്‌
ഏവർക്കും സുസ്വാഗതം.


Saturday, August 30, 2014

ഓർമ്മക്കുറിപ്പ്‌





ഇന്ദിര അശോക്‌


ഓർമ്മകളീവഴി നീളുന്നു, നാലു-
കെട്ടിന്റെ ഇരുളിൽ തെളിയുന്ന നാളുകൾ
ഓർക്കുന്നു നറുവെൺനിലാവു പോലെ
ഒരു ചെമ്പനീർപ്പൂ വിരിഞ്ഞ പോലെ

അവീടെയല്ലൊ ഞാനാദ്യാക്ഷരത്തിന്റെ
ചിറകേറി വാനിലുയർന്നു പറന്നതും
 അവീടെയല്ലൊ ഞാനാദ്യമായ്‌ പിച്ചവെ-
ച്ചിടറാതെ പാദങ്ങൾ താളം പകർന്നതും

അവിടെയല്ലൊ ഞാനാദ്യമായ്‌ കടലാസ്സു-
തോണിയിലക്കരെ അക്കരെ പോയതും
ചെമ്പകം പൂത്തതും പൂമണം തൂകി
വാതിലിൽ ആരോ ചിരിച്ചു മറഞ്ഞതും


വേലിപ്പടർപ്പിലെ ചേലൊത്തരിപ്പൂവു
വാസനച്ചെപ്പു തുറന്ന നാളിൽ
ഗതകാലഗന്ധങ്ങൾ ചിലതെന്റെ മുന്നിൽ
ഗതകാല ചിത്രങ്ങളെഴുതി


പൂക്കളും ഞാനും ശലഭങ്ങളും എന്റെ
പുലരിത്തൂമഞ്ഞിന്റെ തുടിതാളവും
പുഴകളും കാടും വയലോരവും നമ്മ
ളൊന്നിച്ചുചേരുന്ന വഴിയോരവും

കനവൂറി മങ്ങിയ പകലിന്റെ നിഴലുകൾ
എന്നെ പിരിഞ്ഞു കടന്നുപോയി
ഞാനേറ്റുപാടി പതിഞ്ഞൊരാ താരാട്ടിൻ
ഈണങ്ങളൊക്കെ മറന്നുപോയി

അവിടെയല്ലോ എന്റെ അച്ഛനുറങ്ങുന്നു
അമ്മയും കൂടെ കരുതലോടെ
മോഹങ്ങളും മോഹഭംഗങ്ങളുംകൂടി
ചുടല്യ്ക്കുകൂട്ടിരിക്കുന്നു

കൂട്ടിക്കിഴിച്ചു ഞാൻ ചേർത്തവയൊക്കെയും
കൂട്ടം പിഴച്ചു കടന്നുപോയി
വെറുതെ കൊതിപ്പിച്ചു മായുന്നു ജീവിതം
പറയുവാനേറെയും ബാക്കിയാക്കി......

Saturday, August 23, 2014

മൺചിരാത്‌ തേടി




പ്രീത കെ.വി., പരിയാരം


അക്ഷരങ്ങൾ...അഭയമായി മാറുമെന്ന്‌
നിനച്ചു ഞനീ ചുമരുകൾക്കുള്ളിൽ
ജന്മം തളയ്ക്കവെ, ഘോരാന്ധകാരം
വാ പിളർന്നെത്തിയോ, മനസ്സൊന്നിടറിയോ...?


മിന്നാമിനുങ്ങുകളേകും പ്രഭയിൽ
മുൾവഴിത്താരയിൽ ഞാൻ നടന്നീടണം
കണ്ണീരുതൂവാതെ, കാലിടറാതെ
കാതങ്ങളോളം നടന്നു തീർത്തീടണം


കാടിന്റെയങ്ങേതലയ്ക്കലെരിയുന്ന
മൺചിരാതാണെന്റെ ജന്മലക്ഷ്യം
ഇരുളിന്റെ വീഥിയിലൊരു പൊൻ വെളിച്ചമായ്
നേർവഴിക്കെന്നെ നയിക്ക നീ.. ദേവാ....


അവിടെത്തിയാലെന്റെ വിത്തെടുത്തേകി ഞാൻ
ഒരു വൻ മരമായ് പിറവിയെ|ടുക്കാം
അരികിലൂടൊഴുകുന്ന പൂന്തേനരുവിയായ്
നീയെനിക്കേകണേ ജീവജലാമൃതം


അക്ഷരങ്ങൾ അഭയമായി മാറണേ
എന്നു നിനച്ചു ഞനീ മുറിക്കുള്ളിൽ
ജന്മം തളയ്ക്കവെ, ഘോരാന്ധകാരം
അകലുമോ, മൺ ചിരാതണയാതിരിക്കുമൊ...?

Sunday, August 17, 2014

ആരുടേതാകാം


ആരുടേതാകാം
--------------------

പ്രീത കെ.വി., പരിയാരം


ആരുടേതാകാം ഈ തൂവൽസ്പർശം ?
ആയിരം കടന്നലുകളൊരുമിച്ച്‌
കുത്തിയാലെന്നപോൽ
മെയ്നോവാൽ പിടയവെ,
തലോടൽ പോൽ.......

ആരുടേതാകാം ഈ മുളന്തണ്ടിൻ മധുരഗീതം ?
ആയിരം കൂരമ്പുകളാൽ
തുളച്ച
ഹൃദയഭിത്തിയിൽ
അമൃതമഴയായ്
പെയ്തിറങ്ങുമ്പോൾ........

ആരുടേതാകാം ഈ കണ്ണീർച്ചുംബനങ്ങൾ ?
ആയിരം തപ്താശ്രുക്കളാൽ
പൊള്ളുന്ന കവിളിന്റെ
നോവുകളൊപ്പിയെടുക്കുമ്പോൾ......

ആരുടേതാകാം ഈ മൃദുല സാന്ത്വനം ?
ആയിരം നാവുകളാൽ
ശാപവചനമുതിരുമ്പോൾ
ഇലച്ചാർത്തിലെ 
ചന്ദനത്തണുപ്പുപോൽ.........

ഹൃദയാർദ്രമീ കവിതതൻ കനവുകൾ,
കടലാഴമീ കരളിൽ ദൈന്യങ്ങൾ,
ശോകാർദ്രമീ വാഴ് വിൻ വ്യഥകൾ
അതിദൈന്യമീ മണ്ണിൻ തേങ്ങലുകൾ
ആരുടേതാകാമീ  കനവുകൾ - ദൈന്യങ്ങൾ - വ്യഥകൾ ?
ആരുടേതാകാമീ സങ്കടമിഴികൾ,  മൊഴികൾ ....??

Saturday, August 16, 2014

പുനർജ്ജനി


പുനർജ്ജനി
-----------------

ശാന്തമ്മ രാജൻ, കൂരാറ

ദു:ഖാഗ്നിയൊക്കെയുമൂതിക്കെടുത്തുവാൻ
പെട്ടെന്നു വന്നൊരിളം തെന്നലായ്
ഭാവനേ നീയെനിക്കിന്നു നല്കീടുമീ
കാവ്യസൃഷ്ടി പുനർജ്ജന്മമാണോ ?

കൂമ്പിയ ചെന്താമരപ്പൂവുപോലന്നു
ശയ്യാവലംബിയായ്ത്തീർന്ന നാളിൽ
പത്രം കരിഞ്ഞുള്ള പക്ഷിക്കു തുല്ല്യമാ-
യെത്രയോ രാത്രികൾ നിദ്രവിട്ടൂ

ചിന്തകൾ വല്ലാതലട്ടുന്ന നേരമെ-
ന്നന്തികെ വന്നൊരു സാന്ത്വനമേ
ചന്തമായ് കാവ്യപ്രപഞ്ചത്തിലാക്കിയി0
ട്ടിന്നെന്റെ മാനസം ധന്യമാക്കി !
--------------


Thursday, August 7, 2014

ജാരൻ



പ്രീത കെ.വി., പരിയാരം




അവളുടെ ജാരൻ 
കവിതയാണെന്നും,
തിരഞ്ഞുകൊണ്ടിരുന്നത്‌
അക്ഷരങ്ങളും
ചിത്രങ്ങളും
ആശ്വാസവചനങ്ങളാം
ഔഷധമാണെന്നറിയുമ്പോഴേക്കും
പ്രജ്ഞയെ ഇരുളെടുത്തു,
മനസ്സിനെ കടലെടുത്തു,
എന്നിട്ടും......
അവൾക്കുമുന്നിൽ
കവിതയാം നിലാവു
തെളിഞ്ഞു ചിരിക്കുന്നു.....


Monday, July 28, 2014

രണ്ടു കവിതകൾ




പി.വി.മോഹനൻ, ഇരിട്ടി


നന്മ



നന്മകൾ ചെയ്തിടാത്തവർ മാനവർ

സ്വാർത്ഥതതൻ വിളനിലമിന്നവർ
മാത്രമെങ്ങും പരിഷ്കാരചിന്തകൾ
യാന്ത്രികമായി ജീവിതമൊക്കെയും
നന്മകൾ കുറഞ്ഞീടുന്നു ചുറ്റിലും
തിന്മകൾ പെരുകീടുന്നു നമ്മളിൽ
തിന്മകൾ വിമർശിക്കുവാനുള്ളതാം
സന്മനസ്സു നാം കാട്ടാൻ മടിക്കുന്നു.
പൈതൃക സദാചാരമൂല്യങ്ങളെ
പാടെത്തന്നെ മറന്നുപോയീടുന്നു
വാക്കുകൾക്കും പ്രവൃത്തിക്കുമൊന്നുമെ
അർത്ഥമൌചിത്യമില്ലാത്ത കാലമായ്
നാം കുഴിച്ച കുഴിയിൽ നാം വീഴുന്നു
മുമ്പേ പോയോരെയൊക്കെ പഴിക്കുന്നു
നില്ക്കുകില്ലിവിടത്തിൽ നാമേറെ നാൾ
നില്ക്കുവോളവും നന്മ പുലർത്തണം.


താരാട്ട്‌ പാടാത്ത അമ്മ



അമ്മതൻ താരാട്ട്‌ കേൾക്കുന്നില്ല

അമ്മിഞ്ഞപ്പാലിൻ മധുരമില്ല
ഇന്നെന്റെ കുഞ്ഞോമനൾ വരണ്ടുള്ള
കുഞ്ഞിളം ചുണ്ട്‌ വിടർത്തിടുന്നു.
അമ്മമാർക്കൊക്കെ വിമുഖതതാൻ
എങ്ങും സുലഭമായ്‌  കുപ്പിപ്പാലും
നാലു ചുമരുകൾക്കുള്ളിലായ്ത-
ന്നോമലെ അംഗനവാടിതന്നിൽ
ടീച്ചർതൻ കൈകളിലേല്പ്പിച്ചിടും
കൊച്ചമ്മയായി മടങ്ങുമമ്മ !
കളിയും ചിരിയുമായ് ടീച്ചർക്കൊപ്പം
കഴിയുന്ന കൌമാരമെന്ന കാലം
ഒരിടം വിട്ടൊരിടത്തിൽ കൂടുമാറും,
കാലവൃക്ഷത്തിന്നില കൊഴിയും
മക്കൾതൻ ദൃഷ്ടിയിൽ പെറ്റമ്മയും
ടീച്ചറുമൊന്നുപോലായി മാറും
അമ്മയെന്നുള്ള രണ്ടക്ഷരത്തി-
ന്നർത്ഥമിന്നാർക്കുമറിഞ്ഞുകൂടാ
രക്തബന്ധത്തിന്റെ നാന്ദിയായി
ദുഗ്ധബന്ധം വേണമോർത്തുകൊൾക






Tuesday, July 8, 2014

കവിമണ്ഡലത്തിന്റെ കൈ പിടിച്ച്‌............


ശാന്ത കാവുമ്പായി



കവിമണ്ഡലത്തിന്റെ കൈപിടിച്ച് കേരള ഫോക് ലോർ അക്കാദമിയുടെ മൂന്നാംനിലയില്‍

മുറിഞ്ഞുപൊട്ടുന്ന കാലുകളുടെ വേദന വകവെക്കാതെ ഇന്നലെ ചിറക്കലില്‍ സ്ഥിതിചെയ്യുന്ന ഫോക് ലോര്‍ അക്കാദമി ഓഡിറ്റോറിയത്തിലെത്തി. കണ്ണൂർ ജില്ലാകവിമണ്ഡലം &കേരള ഫോക് ലോർ അക്കാദമി സംയുക്താഭിമുഖ്യത്തിൽ
‘കോലത്തുനാടിന്റെ കാവ്യപൈതൃകം'സെമിനാറില്‍ പങ്കെടുക്കാന്‍. നോവിനിടയില്‍ വീണുകിട്ടിയ വിലപ്പെട്ട മണിക്കൂറുകള്‍. എന്റെ മൊബൈലില്‍ പതിഞ്ഞ കുറച്ചു ചിത്രങ്ങളും.

                                 ഫോക്ലോര്‍ അക്കാദമി ആസ്ഥാനത്തിലേക്ക്

ജയശ്രീയും മധുസൂദനനും ഞാനും മറ്റൊരാളും(പേര് ചോദിക്കാന്‍ വിട്ടുപോയി.അടുത്ത തവണ കാണുമ്പോള്‍ ചോദിക്കണം.)

പൂവിട്ട പൂത്താലികള്‍ കൂട്ടംകൂടി രഹസ്യം പറഞ്ഞ് ചിരിക്കുകയാണ്. അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കുകയാണോ ഈ ആമ്പല്‍ക്കൂട്ടങ്ങള്‍. 

രാജഭരണത്തിന്റെ ഗതകാലപ്രൌഢി വിളിച്ചോതിക്കൊണ്ട് ചിറക്കല്‍ കോവിലകത്തിന്റെ ആമ്പല്‍ നിറഞ്ഞ വിശാലമായ കുളവും കുളപ്പുരയും.

                            മഴമേഘം താണിരുണ്ടുചാറിയലകള്‍ തീരത്ത്.


                                       പെയ്തൊഴിയാതെ 

എത്ര കണ്ടാലും മതിയാവില്ല. ഓഡിറ്റോറിയത്തിന്റെ ബാല്‍ക്കണിയില്‍.

              ഇവിടെ ഇങ്ങനെ എത്രനേരം വേണമെങ്കിലും ഇരിക്കാം.

                                        എങ്ങനെ നോക്കാതിരിക്കാം. 

                                    ഇങ്ങനെയാണ് 

                                      പ്രീതയും ജയശ്രീയും 

                               കൃഷ്ണേട്ടന്‍ ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടോ ?

                               കൃഷ്ണേട്ടനൊപ്പം അഭിമാനത്തോടെ നബിത 

                                                      ഞങ്ങളുമുണ്ട് 

                                           ഇത്തിരി ലോഗ്യം പറയാം.

'കവിമണ്ഡലത്തിന്റെ ഒമ്പതാം സ്ഥാപകദിനമല്ലേ. നമുക്കൊമ്പത് വൃക്ഷത്തൈ നടണം.' രാമകൃഷ്ണന്‍ കണ്ണോം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

                                           ഞങ്ങള്‍ റെഡിയാണ്.

                                         ഇവിടെ മതിയോ?

                             സ്വാഗതമോതിക്കൊണ്ട് രാമകൃഷ്ണന്‍ കണ്ണോം.

                                  അധ്യക്ഷന്‍ മേലത്ത് ചന്ദ്രശേഖരന്‍നായര്‍.

                 ഉദ്ഘാടനം ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ മുഹമ്മദ്‌ അഹമ്മദ്.

'കോലത്തുനാടിന്റെ കാവ്യപൈതൃകം' സെമിനാര്‍ അവതരണം എം.കെ.കൃഷ്ണന്‍. എണ്‍പതിലേറെ പ്രായമുള്ള കൃഷ്ണേട്ടന്‍ ഒരത്ഭുതമാണ്. എന്തെല്ലാം അറിവുകളാണ് അദ്ദേഹത്തിന്റെ തലയില്‍ സൂക്ഷിച്ചിട്ടുള്ളത്! അതൊക്കെ നമുക്ക് ചോര്‍ത്തിയെടുക്കണം.  ഇതുവരെ അറിയാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. 

                                               ക്യാമറക്കണ്ണുമായ്

                                               പറഞ്ഞാല്‍ തീരില്ല.

                     ചിറക്കലിന്റെ ചരിത്രകാരനെ മറയ്ക്കാന്‍(മറക്കാന്‍) പാടുണ്ടോ?

                            ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ്‌ കുമാര്‍.

ബഹറിനില്‍ ജോലിചെയ്യുന്ന സുരേഷ് ചെറുകുന്ന്. മലയാളം മറുനാട്ടിലും പഠിപ്പിക്കാന്‍ മുന്‍കൈയെടുത്ത മറുനാടന്‍ മലയാളി.

 













സുരേഷിന്റെ കുടുംബത്തില്‍ നാലു തലമുറ ഉപയോഗിച്ച കൃഷ്ണപ്പാട്ട്(കൃഷ്ണഗാഥ)

                                     രാജേഷ്‌ വാര്യര്‍ നന്ദിയോടെ സമാപനം.

                                                 കാവ്യഗുരോ പ്രണാമം.

                                            അനുഗ്രഹം ചൊരിഞ്ഞാലും.  


                                            വടക്കന്‍ പെരുമയിലുറഞ്ഞാടി
                                      




                            വേര്‍പാടില്‍ വ്യഥപൂണ്ട് മിഴികൂമ്പുമാമ്പലേ
                            വേദന വേണ്ടെന്നോതിയണയും ശശാങ്കന്‍.