Thursday, October 22, 2015



കണ്ണൂർ ജില്ലാകവിമണ്ഡലം ആലക്കോട് മേഖലാ കൺവീനർ ശ്രീ.പിടി.തമ്പിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച്‌ നടന്ന കവിമണ്ഡലത്തിന്റെ മംഗളാശംസാ സായാഹ്നം.


ആഗ്രഹം




എൻ.കെ.കൃഷ്ണൻ


എനിക്കൊരാഗ്രഹം ധ്രുവഹിമാബ്ധിയിൽ
വിവസ്ത്രരൂപിയായ് തപസ്സിരിക്കുവാൻ
എനിക്കൊരാഗ്രഹം പ്രപഞ്ചനാഭിയിൽ
കറുത്ത ബിന്ദുവായൊളിച്ചുറങ്ങുവാൻ
എനിക്കൊരാഗ്രഹം ഹിമാലാദ്രിയിൽ
വെളുത്തമേഘമായുരുമ്മി നീന്തുവാൻ
എനിക്കൊരാഗ്രഹമനന്തനീലിമ
തുളച്ചു കുത്തനെ കുതിച്ചുചാടുവാൻ
എനിക്കൊരാഗ്രഹമഗാധസാഗര-
പരപ്പിലൂളിയിട്ടടിത്തടം തൊടാൻ
എനിക്കൊരാഗ്രഹം പ്രണയഗീതികൾ
ചുരത്തും ഭാവവും രസവും മോന്തുവാൻ
എനിക്കൊരാഗ്രഹം ചിരിക്കും കുഞ്ഞിന്റെ
കവിൾത്തടത്തിലെ പ്രകാശമാകുവാൻ
എനിക്കൊരാഗ്രഹം ഒരാഗ്രഹംപോലും
മനസ്സിൽ തോന്നാതെ തനിച്ചിരിക്കുവാൻ !