Saturday, August 30, 2014

ഓർമ്മക്കുറിപ്പ്‌





ഇന്ദിര അശോക്‌


ഓർമ്മകളീവഴി നീളുന്നു, നാലു-
കെട്ടിന്റെ ഇരുളിൽ തെളിയുന്ന നാളുകൾ
ഓർക്കുന്നു നറുവെൺനിലാവു പോലെ
ഒരു ചെമ്പനീർപ്പൂ വിരിഞ്ഞ പോലെ

അവീടെയല്ലൊ ഞാനാദ്യാക്ഷരത്തിന്റെ
ചിറകേറി വാനിലുയർന്നു പറന്നതും
 അവീടെയല്ലൊ ഞാനാദ്യമായ്‌ പിച്ചവെ-
ച്ചിടറാതെ പാദങ്ങൾ താളം പകർന്നതും

അവിടെയല്ലൊ ഞാനാദ്യമായ്‌ കടലാസ്സു-
തോണിയിലക്കരെ അക്കരെ പോയതും
ചെമ്പകം പൂത്തതും പൂമണം തൂകി
വാതിലിൽ ആരോ ചിരിച്ചു മറഞ്ഞതും


വേലിപ്പടർപ്പിലെ ചേലൊത്തരിപ്പൂവു
വാസനച്ചെപ്പു തുറന്ന നാളിൽ
ഗതകാലഗന്ധങ്ങൾ ചിലതെന്റെ മുന്നിൽ
ഗതകാല ചിത്രങ്ങളെഴുതി


പൂക്കളും ഞാനും ശലഭങ്ങളും എന്റെ
പുലരിത്തൂമഞ്ഞിന്റെ തുടിതാളവും
പുഴകളും കാടും വയലോരവും നമ്മ
ളൊന്നിച്ചുചേരുന്ന വഴിയോരവും

കനവൂറി മങ്ങിയ പകലിന്റെ നിഴലുകൾ
എന്നെ പിരിഞ്ഞു കടന്നുപോയി
ഞാനേറ്റുപാടി പതിഞ്ഞൊരാ താരാട്ടിൻ
ഈണങ്ങളൊക്കെ മറന്നുപോയി

അവിടെയല്ലോ എന്റെ അച്ഛനുറങ്ങുന്നു
അമ്മയും കൂടെ കരുതലോടെ
മോഹങ്ങളും മോഹഭംഗങ്ങളുംകൂടി
ചുടല്യ്ക്കുകൂട്ടിരിക്കുന്നു

കൂട്ടിക്കിഴിച്ചു ഞാൻ ചേർത്തവയൊക്കെയും
കൂട്ടം പിഴച്ചു കടന്നുപോയി
വെറുതെ കൊതിപ്പിച്ചു മായുന്നു ജീവിതം
പറയുവാനേറെയും ബാക്കിയാക്കി......

Saturday, August 23, 2014

മൺചിരാത്‌ തേടി




പ്രീത കെ.വി., പരിയാരം


അക്ഷരങ്ങൾ...അഭയമായി മാറുമെന്ന്‌
നിനച്ചു ഞനീ ചുമരുകൾക്കുള്ളിൽ
ജന്മം തളയ്ക്കവെ, ഘോരാന്ധകാരം
വാ പിളർന്നെത്തിയോ, മനസ്സൊന്നിടറിയോ...?


മിന്നാമിനുങ്ങുകളേകും പ്രഭയിൽ
മുൾവഴിത്താരയിൽ ഞാൻ നടന്നീടണം
കണ്ണീരുതൂവാതെ, കാലിടറാതെ
കാതങ്ങളോളം നടന്നു തീർത്തീടണം


കാടിന്റെയങ്ങേതലയ്ക്കലെരിയുന്ന
മൺചിരാതാണെന്റെ ജന്മലക്ഷ്യം
ഇരുളിന്റെ വീഥിയിലൊരു പൊൻ വെളിച്ചമായ്
നേർവഴിക്കെന്നെ നയിക്ക നീ.. ദേവാ....


അവിടെത്തിയാലെന്റെ വിത്തെടുത്തേകി ഞാൻ
ഒരു വൻ മരമായ് പിറവിയെ|ടുക്കാം
അരികിലൂടൊഴുകുന്ന പൂന്തേനരുവിയായ്
നീയെനിക്കേകണേ ജീവജലാമൃതം


അക്ഷരങ്ങൾ അഭയമായി മാറണേ
എന്നു നിനച്ചു ഞനീ മുറിക്കുള്ളിൽ
ജന്മം തളയ്ക്കവെ, ഘോരാന്ധകാരം
അകലുമോ, മൺ ചിരാതണയാതിരിക്കുമൊ...?

Sunday, August 17, 2014

ആരുടേതാകാം


ആരുടേതാകാം
--------------------

പ്രീത കെ.വി., പരിയാരം


ആരുടേതാകാം ഈ തൂവൽസ്പർശം ?
ആയിരം കടന്നലുകളൊരുമിച്ച്‌
കുത്തിയാലെന്നപോൽ
മെയ്നോവാൽ പിടയവെ,
തലോടൽ പോൽ.......

ആരുടേതാകാം ഈ മുളന്തണ്ടിൻ മധുരഗീതം ?
ആയിരം കൂരമ്പുകളാൽ
തുളച്ച
ഹൃദയഭിത്തിയിൽ
അമൃതമഴയായ്
പെയ്തിറങ്ങുമ്പോൾ........

ആരുടേതാകാം ഈ കണ്ണീർച്ചുംബനങ്ങൾ ?
ആയിരം തപ്താശ്രുക്കളാൽ
പൊള്ളുന്ന കവിളിന്റെ
നോവുകളൊപ്പിയെടുക്കുമ്പോൾ......

ആരുടേതാകാം ഈ മൃദുല സാന്ത്വനം ?
ആയിരം നാവുകളാൽ
ശാപവചനമുതിരുമ്പോൾ
ഇലച്ചാർത്തിലെ 
ചന്ദനത്തണുപ്പുപോൽ.........

ഹൃദയാർദ്രമീ കവിതതൻ കനവുകൾ,
കടലാഴമീ കരളിൽ ദൈന്യങ്ങൾ,
ശോകാർദ്രമീ വാഴ് വിൻ വ്യഥകൾ
അതിദൈന്യമീ മണ്ണിൻ തേങ്ങലുകൾ
ആരുടേതാകാമീ  കനവുകൾ - ദൈന്യങ്ങൾ - വ്യഥകൾ ?
ആരുടേതാകാമീ സങ്കടമിഴികൾ,  മൊഴികൾ ....??

Saturday, August 16, 2014

പുനർജ്ജനി


പുനർജ്ജനി
-----------------

ശാന്തമ്മ രാജൻ, കൂരാറ

ദു:ഖാഗ്നിയൊക്കെയുമൂതിക്കെടുത്തുവാൻ
പെട്ടെന്നു വന്നൊരിളം തെന്നലായ്
ഭാവനേ നീയെനിക്കിന്നു നല്കീടുമീ
കാവ്യസൃഷ്ടി പുനർജ്ജന്മമാണോ ?

കൂമ്പിയ ചെന്താമരപ്പൂവുപോലന്നു
ശയ്യാവലംബിയായ്ത്തീർന്ന നാളിൽ
പത്രം കരിഞ്ഞുള്ള പക്ഷിക്കു തുല്ല്യമാ-
യെത്രയോ രാത്രികൾ നിദ്രവിട്ടൂ

ചിന്തകൾ വല്ലാതലട്ടുന്ന നേരമെ-
ന്നന്തികെ വന്നൊരു സാന്ത്വനമേ
ചന്തമായ് കാവ്യപ്രപഞ്ചത്തിലാക്കിയി0
ട്ടിന്നെന്റെ മാനസം ധന്യമാക്കി !
--------------


Thursday, August 7, 2014

ജാരൻ



പ്രീത കെ.വി., പരിയാരം




അവളുടെ ജാരൻ 
കവിതയാണെന്നും,
തിരഞ്ഞുകൊണ്ടിരുന്നത്‌
അക്ഷരങ്ങളും
ചിത്രങ്ങളും
ആശ്വാസവചനങ്ങളാം
ഔഷധമാണെന്നറിയുമ്പോഴേക്കും
പ്രജ്ഞയെ ഇരുളെടുത്തു,
മനസ്സിനെ കടലെടുത്തു,
എന്നിട്ടും......
അവൾക്കുമുന്നിൽ
കവിതയാം നിലാവു
തെളിഞ്ഞു ചിരിക്കുന്നു.....