Tuesday, December 17, 2013
Monday, December 9, 2013
ഋതു സംക്രമപ്പുഴ
ഋതു സംക്രമപ്പുഴ
ഗതിമാറിയൊഴുകുന്നു
കാലമോ സങ്കടക്കടലിലേക്കാഴുന്നൂ...
വര്‍ഷമേഘങ്ങള്‍ക്ക്
കണ്ണുനീര്‍ക്കണമില്ലിന്ന്
ഹൃദയ നീരുറവയും
വറ്റി വരണ്ടു വസുധയും
വാ പിളര്‍ന്നു
കേഴുന്നു നിത്യം വിമൂകമായ്..
ശ്രാവണപ്പൂക്കള്‍ക്ക്
ചിരിയില്ല, ചൊടിയില്ല, ചെടിയുമില്ല-
തമിഴകത്തൊടിയിലെ
കീടനാശിനിയില്‍ കുളിച്ച
പൂമണം പേറും
കാറ്റല ഈ മലനാട്ടിലേക്കെത്തീടുന്നു
അവിടുത്തെ കായ്‌കറിക്കലവറ
വിഷമയ വിഭവങ്ങളൊരുക്കീടുന്നു.
മാവേലിയില്ലിന്ന്
വേലികള്‍- മുള്ളുവേലികളുണ്ടെങ്ങും
പോയ്‌പ്പോയൊരോണത്തിന്‍
നേര്‍ത്തുള്ളൊരീണമായ്
ഓര്‍മ്മതന്‍ തിരുശേഷിപ്പു
മാത്രമായിന്നേറും
വിപണന മഹാമഹം - സര്‍വ്വ വാണിഭ സഞ്ചയം.
വിശ്വ വാണിഭ
വലയില്‍ വീഴ്‌ത്തിയും
ആഗോളഗ്രാമ മിഥ്യകള്‍
വാഴ്‌ത്തവേ
മമ ഗ്രാമ ഗ്രാമാന്തര
സീമകളില്‍ നില്‌ക്കും
അത്യുഷ്‌ണ ശാഖികളില്‍
പൂക്കും
രുധിര സന്ധ്യകളുടെ
വിഷാദ മണ്‌ഡലത്തെ തേടി
അന്ധകാരത്തിനഹന്ത
കൂടണയുമ്പോള്‍-
നാട്ടുചെമ്പകവുമതിന്‍
സാന്ത്വനത്തറകളും
നഷ്‌ട ബാല്യങ്ങള്‍ക്ക്
മാമ്പഴം നീട്ടിത്തന്ന
വീട്ടുകയ്യാലയ്‌ക്കലെ
മുതുമുത്തച്ഛന്‍ മാവും
മാഞ്ചുവട്ടിലെ കൊച്ചു
കളി വീടുകളും
നന്മയുടെ പൊന്‍കണി
തീര്‍ക്കാനുണരുന്ന
കനവിന്റെ കര്‍ണ്ണികാരപ്പൂക്കളും
പഴമയുടെ പൂങ്കിളികളൂയലാടു-
ന്നിളം തെങ്ങോലത്തുമ്പുകളുരുവിടും
ശാന്തി മന്ത്രങ്ങളും
സമൃദ്ധിയുടെ നെന്മണിക്കതിര്‍ക്കുലകള്‍
നെഞ്ചേറ്റും
പുഞ്ചവയലേലയും തത്തമ്മകളമൊഴിയും
പച്ചനിറപ്പായല്‍ക്കുളത്തിന്‍
പൊട്ടിപ്പൊളിഞ്ഞുള്ളതാം
പൈതൃകപ്പടവുകളും
പൂത്താലിപ്പൂനിരയും
മറയുന്നുവേതോ മൃതിഭാവമായ്
മാറുന്നുവേതോ സ്‌മൃതി ചിത്രമായ്.
അമ്മ
റിൻസി കെ.സി.
സ്നേഹത്തിൻ വാക്കുകൾകൊണ്ടു നിറയുന്ന
കാവ്യമാം പുണ്യമാണമ്മ !
രാത്രി ഞാൻ ഞെട്ടിക്കരയുന്ന വേളയിൽ
താരാട്ടു പാടുമെന്നമ്മ
നോവിന്റെ കാലടി മെല്ലെ തഴുകുന്ന
സ്നേഹമാം പാലാഴിയമ്മ
കണ്ണുനീരൊക്കെയുമുള്ളിലൊളിപ്പിച്ചു
പുഞ്ചിരി നല്കുമെന്നമ്മ
കാർമേഘം മൂടിയ മാനത്തുദിക്കുന്ന
തൂവെള്ളിനക്ഷത്രമമ്മ
എൻ കണ്ണുനീരൊരു ചുംബനത്താലൊപ്പി
ആശ്വസിപ്പിച്ചീടുമമ്മ
ദു:ഖാഗ്നിയേറ്റു ചിറകു കരിയുന്ന
ചിത്രശലഭമാണമ്മ
ജീവിതയാത്രയിലത്താണിയായുള്ള
മാതൃത്വമാണെന്നുമമ്മ
എന്മനസ്സിൽ സദാ പാറിപ്പറക്കുന്ന
ആവണിത്തുമ്പിയാണമ്മ.
തളരാത്ത ചിറകുകൾ
കെ.പി. അമൃത
എൻ ചിറകിന്നു തളരാതിരുന്നെങ്കിൽ
വെൺസാഗരം കടന്നീടുമേ ഞാൻ
ഒരു സ്നേഹപ്പക്ഷിയായ് വിശ്വശാന്തിക്കായി
തളരാത്ത ചിറകിൽ പറന്നുപോകും
എൻ മനക്കൂടുവിട്ടിന്നു പറന്നു ഞാൻ
നന്മയും ശാന്തിയുമേകുമല്ലോ
ലോക സമാധാനപ്പക്ഷിയായ് ഞാൻ പറ-
ന്നേകിടും സൌഖ്യവും, സന്തോഷവും
സ്വപ്നമാം കൂടുവിട്ടീടാൻ കൊതിപ്പു ഞാൻ
ലക്ഷ്യമാം ധർമം സമ്പൂർണ്ണമാക്കാൻ
നശ്വരമീലോകമാനവർക്കേകിടാം
നേർവഴി നീ നിൻ ചിറകു തന്നാൽ
ആ വിഷ്ണുലോകമൊരുനോക്കു കണ്ടിടാൻ,
സായൂജ്യം നേടാൻ കൊതിച്ചിടും ഞാൻ
പരഹിതാർത്ഥം ഞാൻ പറന്നുപോകും വീണ്ടു-
മൊരു ഗഗനസഞ്ചാരിയായി മാറും
'സത്യമേവ ജയതേ' എന്ന ദിവ്യമാം
മന്ത്രമുരുവിട്ടു മോക്ഷം നേടും.
ഗൃഹാതുരത്വം
ഇന്ദിരാ അശോക്
ഈറനുടുത്തു പൊന്നമ്പലം ചുറ്റുന്ന
സന്ധ്യാംബരത്തിലെ മേഘമേ നീ
പാതി മറഞ്ഞൊരെന്നോലക്കുടക്കീഴിൽ
പാതിമെയ് കണ്ടുവോ നാണമായോ ?
ഇന്നുമെൻ ചെമ്പകം പൂക്കുന്നുവോ, വൃഥാ
പൂങ്കൈത പൂമണം വീശുന്നുവോ ?
ഇടവഴി ചേരുമ്പോൾ മഴവെള്ളപ്പാച്ചിലിൽ
കൂട്ടുകാരൊത്തു കളിക്കുന്നുവോ ?
അച്ഛനെ നിത്യവുമോർക്കുന്നു ഞാൻ പെറ്റൊ-
രമ്മയെ ഓർക്കാ നിമിഷമില്ല,
ഓർക്കുന്നു ഞാനെന്റെ ബാല്യവും തളിരായി-
പ്പൂക്കുന്ന, കായ്ക്കുന്ന യൌവ്വനവും .
ഈറനുടുത്തു പൊന്നമ്പലം ചുറ്റുന്ന
സന്ധ്യാംബരത്തിലെ മേഘമേ നീ
പാതി മറഞ്ഞൊരെന്നോലക്കുടക്കീഴിൽ
പാതിമെയ് കണ്ടുവോ ദൂരെയെങ്ങാൻ ?
Subscribe to:
Posts (Atom)

