Tuesday, December 17, 2013

മുഖം

നബിതാ നാരായണൻ, വടശ്ശേരി

മുഖം 
മനസ്സിന്റെ കണ്ണാടിയാണെന്ന്‌
പറഞ്ഞതിനാലാണ്‌
എനിക്ക്‌
ചിരിക്കാൻ കഴിയാതെ പോകുന്നത്‌
മുഖത്ത്‌
ഭാവങ്ങളൊന്നും വരില്ലെന്ന്‌
പറഞ്ഞതിനാലാണ്‌
എന്റെ കണ്ണുകൾ ചുകക്കുന്നത്‌
നിന്റെ സ്നേഹം
നഷ്ടപ്പെടാതിരിക്കാനാണ്‌
ഞാൻ കരയാതിരിക്കുന്നത്‌

Monday, December 9, 2013

ഋതു സംക്രമപ്പുഴ



 
ഋതു സംക്രമപ്പുഴ ഗതിമാറിയൊഴുകുന്നു
കാലമോ സങ്കടക്കടലിലേക്കാഴുന്നൂ...

വര്‍ഷമേഘങ്ങള്‍ക്ക്‌ കണ്ണുനീര്‍ക്കണമില്ലിന്ന്‌
ഹൃദയ നീരുറവയും വറ്റി വരണ്ടു വസുധയും
വാ പിളര്‍ന്നു കേഴുന്നു നിത്യം വിമൂകമായ്‌..

ശ്രാവണപ്പൂക്കള്‍ക്ക്‌ ചിരിയില്ല, ചൊടിയില്ല, ചെടിയുമില്ല-
തമിഴകത്തൊടിയിലെ കീടനാശിനിയില്‍ കുളിച്ച
പൂമണം പേറും കാറ്റല ഈ മലനാട്ടിലേക്കെത്തീടുന്നു

അവിടുത്തെ കായ്‌കറിക്കലവറ
വിഷമയ വിഭവങ്ങളൊരുക്കീടുന്നു.

മാവേലിയില്ലിന്ന്‌ വേലികള്‍- മുള്ളുവേലികളുണ്ടെങ്ങും
പോയ്‌പ്പോയൊരോണത്തിന്‍ നേര്‍ത്തുള്ളൊരീണമായ്‌
ഓര്‍മ്മതന്‍ തിരുശേഷിപ്പു മാത്രമായിന്നേറും
വിപണന മഹാമഹം - സര്‍വ്വ വാണിഭ സഞ്ചയം.
വിശ്വ വാണിഭ വലയില്‍ വീഴ്‌ത്തിയും
ആഗോളഗ്രാമ മിഥ്യകള്‍ വാഴ്‌ത്തവേ

മമ ഗ്രാമ ഗ്രാമാന്തര സീമകളില്‍ നില്‌ക്കും
അത്യുഷ്‌ണ ശാഖികളില്‍ പൂക്കും
രുധിര സന്ധ്യകളുടെ വിഷാദ മണ്‌ഡലത്തെ തേടി
അന്ധകാരത്തിനഹന്ത കൂടണയുമ്പോള്‍-

നാട്ടുചെമ്പകവുമതിന്‍ സാന്ത്വനത്തറകളും
നഷ്‌ട ബാല്യങ്ങള്‍ക്ക്‌ മാമ്പഴം നീട്ടിത്തന്ന
വീട്ടുകയ്യാലയ്‌ക്കലെ മുതുമുത്തച്ഛന്‍ മാവും
മാഞ്ചുവട്ടിലെ കൊച്ചു കളി വീടുകളും
നന്മയുടെ പൊന്‍കണി തീര്‍ക്കാനുണരുന്ന
കനവിന്റെ കര്‍ണ്ണികാരപ്പൂക്കളും
പഴമയുടെ പൂങ്കിളികളൂയലാടു-
ന്നിളം തെങ്ങോലത്തുമ്പുകളുരുവിടും
ശാന്തി മന്ത്രങ്ങളും

സമൃദ്ധിയുടെ നെന്മണിക്കതിര്‍ക്കുലകള്‍ നെഞ്ചേറ്റും
പുഞ്ചവയലേലയും തത്തമ്മകളമൊഴിയും
പച്ചനിറപ്പായല്‍ക്കുളത്തിന്‍ പൊട്ടിപ്പൊളിഞ്ഞുള്ളതാം
പൈതൃകപ്പടവുകളും പൂത്താലിപ്പൂനിരയും
മറയുന്നുവേതോ മൃതിഭാവമായ്‌
മാറുന്നുവേതോ സ്‌മൃതി ചിത്രമായ്‌.



അമ്മ




റിൻസി  കെ.സി.


സ്നേഹത്തിൻ വാക്കുകൾകൊണ്ടു നിറയുന്ന
കാവ്യമാം പുണ്യമാണമ്മ !
രാത്രി ഞാൻ ഞെട്ടിക്കരയുന്ന വേളയിൽ
താരാട്ടു പാടുമെന്നമ്മ
നോവിന്റെ കാലടി മെല്ലെ തഴുകുന്ന
സ്നേഹമാം പാലാഴിയമ്മ
കണ്ണുനീരൊക്കെയുമുള്ളിലൊളിപ്പിച്ചു
പുഞ്ചിരി നല്കുമെന്നമ്മ
കാർമേഘം മൂടിയ മാനത്തുദിക്കുന്ന
തൂവെള്ളിനക്ഷത്രമമ്മ
എൻ കണ്ണുനീരൊരു  ചുംബനത്താലൊപ്പി
ആശ്വസിപ്പിച്ചീടുമമ്മ
ദു:ഖാഗ്നിയേറ്റു ചിറകു കരിയുന്ന
ചിത്രശലഭമാണമ്മ
ജീവിതയാത്രയിലത്താണിയായുള്ള
മാതൃത്വമാണെന്നുമമ്മ
എന്മനസ്സിൽ സദാ പാറിപ്പറക്കുന്ന
ആവണിത്തുമ്പിയാണമ്മ.



തളരാത്ത ചിറകുകൾ




കെ.പി. അമൃത

എൻ ചിറകിന്നു തളരാതിരുന്നെങ്കിൽ
വെൺസാഗരം കടന്നീടുമേ ഞാൻ
ഒരു  സ്നേഹപ്പക്ഷിയായ് വിശ്വശാന്തിക്കായി
തളരാത്ത ചിറകിൽ പറന്നുപോകും
എൻ മനക്കൂടുവിട്ടിന്നു പറന്നു ഞാൻ
നന്മയും ശാന്തിയുമേകുമല്ലോ
ലോക സമാധാനപ്പക്ഷിയായ് ഞാൻ പറ-
ന്നേകിടും സൌഖ്യവും, സന്തോഷവും
സ്വപ്നമാം കൂടുവിട്ടീടാൻ കൊതിപ്പു ഞാൻ
ലക്ഷ്യമാം ധർമം സമ്പൂർണ്ണമാക്കാൻ
നശ്വരമീലോകമാനവർക്കേകിടാം
നേർവഴി നീ നിൻ ചിറകു തന്നാൽ
ആ വിഷ്ണുലോകമൊരുനോക്കു കണ്ടിടാൻ,
സായൂജ്യം നേടാൻ കൊതിച്ചിടും ഞാൻ
പരഹിതാർത്ഥം ഞാൻ പറന്നുപോകും വീണ്ടു-
മൊരു ഗഗനസഞ്ചാരിയായി മാറും
'സത്യമേവ ജയതേ' എന്ന ദിവ്യമാം
മന്ത്രമുരുവിട്ടു മോക്ഷം നേടും.

ഗൃഹാതുരത്വം




ഇന്ദിരാ അശോക്



ഈറനുടുത്തു പൊന്നമ്പലം ചുറ്റുന്ന
സന്ധ്യാംബരത്തിലെ മേഘമേ നീ
പാതി മറഞ്ഞൊരെന്നോലക്കുടക്കീഴിൽ
പാതിമെയ് കണ്ടുവോ നാണമായോ ?

ഇന്നുമെൻ ചെമ്പകം പൂക്കുന്നുവോ, വൃഥാ
പൂങ്കൈത പൂമണം വീശുന്നുവോ ?
ഇടവഴി ചേരുമ്പോൾ മഴവെള്ളപ്പാച്ചിലിൽ
കൂട്ടുകാരൊത്തു  കളിക്കുന്നുവോ ?

അച്ഛനെ നിത്യവുമോർക്കുന്നു ഞാൻ പെറ്റൊ-
രമ്മയെ ഓർക്കാ നിമിഷമില്ല,
ഓർക്കുന്നു ഞാനെന്റെ ബാല്യവും തളിരായി-
പ്പൂക്കുന്ന, കായ്ക്കുന്ന യൌവ്വനവും .

ഈറനുടുത്തു പൊന്നമ്പലം ചുറ്റുന്ന
സന്ധ്യാംബരത്തിലെ മേഘമേ നീ
പാതി മറഞ്ഞൊരെന്നോലക്കുടക്കീഴിൽ
പാതിമെയ് കണ്ടുവോ ദൂരെയെങ്ങാൻ ?

Friday, November 22, 2013

ഉപ്പ്‌




നബിത നാരായണൻ, വടശ്ശേരി



പണ്ട്‌ കടൽ വെള്ളത്തിൽ നിന്നും
ഉപ്പു കുറുക്കി 
ഗാന്ധിജി ചരിത്രം കുറിച്ചു....
ഇന്ന്‌....
കണ്ണീരിൽ നിന്ന്‌
ഉപ്പ്‌ കുറുക്കി 
ഞാനും.......

പുസ്തക പ്രകാശനം


കണ്ണൂർ ജില്ലാ കവിമണ്ഡലം പയ്യന്നൂർ മേഖലാ രക്ഷാധികാരി ശ്രീ. ഉണ്ണികൃഷ്ണൻ നമ്പീശന്റെ “അകക്കണ്ണാൽ കാണുന്നത്‌” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 2013 നവമ്പർ 23, ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്‌ പയ്യന്നൂർ "ടോപ്‌ഫോം" ഓഡിറ്റോറിയത്തിൽ വച്ച്‌ നടക്കുന്നു.  ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ (മുൻ റജിസ്ത്രാർ, കണ്ണൂർ യുനിവെഴ്സിറ്റി) ശ്രീ. കെ.വി.നമ്പ്യാർക്ക്‌ ( IAS   മുൻ ചെയർമാൻ, ഗുരുവായൂർ ദേവസ്വം) ആദ്യ പ്രതി നല്കിക്കൊണ്ട്‌ പ്രകാശന കർമം നിർവഹിക്കുന്നു.


Thursday, November 21, 2013

തിരിച്ചറിവ്‌



       തീർത്ഥ. കെ., കാഞ്ഞിലേരി








കത്തി പണിയുമീ കൊല്ലനറിവുണ്ടോ ?

ചുടുരക്തത്തിൻ മണമതിനുണ്ടെന്ന്‌,
സ്വർണാഭരണങ്ങൾ പണിയുമീ തട്ടാനറിവുണ്ടോ ?
ചാലയിലെ ഗ്യാസ്‌ ദുരന്തത്തിൽ
ആ നവദമ്പതികളുണ്ടെന്ന്‌,
പാത്രങ്ങൾ തപ്പും നാടോടിക്കറിവുണ്ടോ ?
സ്റ്റീൽ ബോംബാണതിലുള്ളതെന്ന്‌
ഈ അറിവുകളെ തിരിച്ചറിവാക്കുവാൻ
എഴുതിത്തുടങ്ങവെ, ഞാൻ തിരിച്ചറിഞ്ഞു
എൻ പേനയിൽ മഷിയില്ലെന്ന്‌ !

Monday, November 18, 2013

കേശവതീരം


കേശവതീരത്തുവച്ച്‌ നടത്തിയ കണ്ണൂർ ജില്ലാ കവിമണ്ഡലം കേമ്പിന്റെ ചില ദൃശ്യങ്ങൾ











Monday, November 11, 2013

ഒരു സങ്കല്‍പ്പം ----സതീശന്‍ഇരിട്ടി

കരയാനെനിക്കിനിയാവില്ല നിശ്ചയം 
ചിരിക്കും മരണംവരെ ചിരിച്ചേ മരിക്കൂ ഞാന്‍ ; ഓര്‍ക്കുവാനാവില്ലിനി നിശ്ചയം 
പിന്‍പേപോയ ഭൂതകാലത്തിന്‍ 
നിഴല്‍ നാടക രംഗങ്ങളെ .


നഷ്ട സ്വപ്‌നങ്ങള്‍ കിള്ളിപ്പുറത്തിട്ടവക്കുമേല്‍ 
കണ്ണീരുവീഴ്ത്തി ക്കാലം കഴിക്കാനാവില്ലിനി 
വ്യര്‍ത്ഥ ബോധത്തിന്‍ നീളും 
പാതക്കുമീതേ പാദം 
തേച്ചു തേച്ചാത്മാവിനെക്കൊല്ലുവാനാവില്ലിനി !

ശൂന്യതനിഴല്‍വീഴ്ത്തുമാത്മാവില്‍ 
സന്തോഷത്തിന്‍ 
കുങ്കുമപ്പൂക്കള്‍ കൊണ്ടുനിറക്കാം --
സ്നേഹത്തിന്റെ ആവണിപ്പൂക്കളായിരം ചാര്‍ത്താം 

ചോരയും നീരുംവറ്റി 
ച്ചാരുതചോര്‍ന്നേതീരും ഋതുക്കള്‍ വരും 
വന്നുപോകുമീ താഴ്വാരത്തില്‍ 
വേഴാബല്‍ കണക്കുനാം കേഴുന്നു 
തിരിച്ചിനി വരില്ലാകാലം 
പോയ സുന്ദര വിഭാതങ്ങള്‍ ! 

Thursday, October 31, 2013

പുതിയ ശില്പം



ഇന്നലെ കണ്ടു ഞാൻ
താഴത്തങ്ങാടിയിൽ
ഒരു പുത്തൻ കൊടിയും
പുതു വെണ്ണക്കൽശില്പവും
കൊടിതൻ നിറമതു പറക വയ്യ
ശില്പത്തിൻ വെണ്മയോ കേമം തന്നെ!
കഴിഞ്ഞയാണ്ടിലും വന്നതാണീ വഴി
കണ്ടതില്ലന്നു ഞനീ മഹാത്മാവിനെ
ഗാന്ധിയോ, ബുദ്ധനോ ? ഈ നാട്ടിൻ രക്തസാക്ഷിയോ ?
അല്ലല്ലയെങ്കിലുമേറെ പരിചയം
തെല്ലൊന്നു ശങ്കിച്ചു
പൂമരച്ചോട്ടിൻ തണൽ ചേർന്നു നിൽക്കവെ
പരിഹസിച്ചുവോ ആ വെണ്ണക്കൽ പ്രതിമ,
പൊട്ടിച്ചിരിച്ചുവോ: “മൂഢാ ! അറിയില്ലേ നിനക്കെന്നെ ?
ബുദ്ധനല്ല, ഗാന്ധിയല്ല,
അതിർത്തിയിൽ നീ കണ്ട ധീരജവാനുമല്ല ഞാൻ
പറയാം ഞാനടയാളം
കൈയൊന്നേയുള്ളുവെങ്കിലും പ്രശസ്തൻ ഞാൻ
നിന്റെ നാടിനെ കിടുകിടെ വിറപ്പിച്ചവൻ
പിറന്ന നാടിന്റെ മാനം കാക്കാൻ 
രാപ്പകൽ അതിർത്തിയിൽ കാവൽ നിന്നവനേ
വിഢീ ! നോക്കൂ നീ, 
അണികളുണ്ടായിരം
ശിഷ്യരുണ്ടങ്ങ്‌ തലസ്ഥാനനഗരിയിൽപ്പോലും
പ്രശസ്തൻ ഞാൻ, ഈ വെണ്ണക്കൽശില്പമെൻ
പ്രശസ്തിക്ക്‌ കാവൽക്കാരൻ ! ”
ഞെട്ടി ഞാൻ, മറ്റൊരു ശില്പമായ്
സ്തബ്ധനായ് നിൽക്കവെ,
നിർവികാരമാമെൻ മനസ്സെനോടു മന്ത്രിച്ചു:
“കൺകളിറുകെയടയ്ക്കുക, പിന്നെ
നിന്നെ നീ പാടെ മറക്കുക, ഈ മണ്ണിലമർത്തിച്ചവിട്ടുക ! ”

----------നബിത നാരായണൻ, വടശ്ശേരി




ചിന്തയെ പണയം വെക്കാതുണരുക നമ്മള്‍

ആരെന്റെ മനസ്സിലിരുന്നുറക്കെ ക്കരയുന്നൂ 
കരളിന്‍ ചില്ലുപാത്രത്തില്‍ കണ്ണുനീര്‍ നിറയ്ക്കുന്നൂ ?
ആരെന്റെയാനന്ദത്തിന്‍ ചിറകുകള്‍ കരിക്കുന്നൂ 
തെളിഞ്ഞ മസ്തിഷ്കത്തില്‍ കാപശം കലക്കുന്നൂ ?
ആരെന്റെ സ്വപ്നങ്ങളില്‍ കനല്‍കൊരിനിരക്കുന്നൂ 
ചിന്തയില്‍ കലാപത്തിന്‍ കനല്‍ക്കൂനഒരുക്കുന്നൂ ?
വര്‍ഷവും ,വസന്തവും,നിലാവും,മേഘങ്ങളും 
വായുവും,സമുദ്രവും,പുഴയും,പൂഞ്ചോലയും ;
മലയും,താഴ്വാരവും,പൂക്കളും,കാടും,മേടും 
വില്‍പ്പനച്ചരക്കാക്കി നാടിന്റെ യഭൌമമാം 
സൌന്ദര്യം കെടുത്തുന്നതാരിന്നു ?
കാരുണ്യത്താല്‍ കണ്ണിലും മനസ്സിലും 
കുളിര്‍പെയ്തനന്തമാ മാനന്ദം നിറക്കുന്ന 
സഞ്ചിത പ്രഭാവത്തിന്‍ കണ്ണുകള്‍ മൂടിക്കെട്ടി --
യിരുളിന്‍ ഗുഹക്കുള്ളില്‍ പകയുടെ കിരാതമാം
ഭീഭത്സ തന്ത്രങ്ങള്‍ക്ക് വളമിട്ട് കൊടുപ്പതാര്‍ ?

ചിന്തയെ പ്പണയംവെക്കാതുണരുക നമ്മള്‍ --നാളെ 
വിരിയും പുലരിക്ക് ചന്തമായ് പ്രകാശമായ് !
ചന്തയായ് തീര്‍ക്കാതിനിജീവിതം 
വിലപേശി വില്‍ക്കാതെ നമ്മള്‍  
തന്റെ ബുദ്ധിയും വിവേകവും !

                 സതീശന്‍ ഇരിട്ടി 


Wednesday, October 30, 2013

നവമ്പർ ഒന്ന്‌




കേരളം വരളുന്നൂ, പശ്ചിമഘട്ടങ്ങളെ
കേറാതെ കടക്കാതെ കേരളമണ്ണിൽത്തന്നെ
പാലപ്പൂമണം വീശും മന്ദമാരുതനില്ല,
പാൽനുരച്ചിരിതൂകും കുളിർ ചോലകളില്ല,
വയലോ കാണ്മാനില്ല, ദൂരെ ഹാ! മറഞ്ഞെങ്ങോ
വയലാർ മീട്ടും രാഗവീണതൻ നാദബ്രഹ്മം.
കേരളപ്പിറവിയെ ഓർമ്മിപ്പിച്ചിടാനെത്തും
നാളായ നവമ്പറിന്നൊന്നിനെ സ്മരിപ്പൂ ഞാൻ
ഒന്നു നീയെന്നാൽ, നമ്മളൊന്നല്ല, നിരവധി
ഭിന്നമാമാചാരത്തിന്നടിമച്ചന്തക്കൂട്ടം
ഒന്നിനെ രണ്ടായ്ക്കണ്ടൂ പൂർവ്വികരെന്നാൽ നമ്മ-
ളൊന്നിനെ പൂജ്യമാക്കുമാഗോളവിശാരദർ !
അന്ധമാം മതഭ്രാന്തും, തീവ്രമാം വാദോന്മുഖ-
ചിന്തയും, ധനലാഭമോഹവും പെരുകുന്നു.
അമ്മയെ വിറ്റീടുന്നു മക്കൾ, ഹാ! പിതാക്കളോ
അമ്മിഞ്ഞ നുണയേണ്ട മകളെ പ്രാപിക്കുന്നു
'പീഡനം' മലയാളഭാഷയ്ക്കു സമ്മാനിക്കും
നൂതനാർത്ഥത്തിൻ പൊരുൾ നിഘണ്ടുക്കളിലില്ല
കേരളം ഭ്രാന്താലയമെന്നു ചൊന്നതുമാറ്റി
കേരളം കാമഭ്രാന്തിൻ കൂടാരമെന്നോതീടാം
ലജ്ജിക്ക മലയാളമങ്കേ ! നീ പറയുന്ന-
തൊക്കെയും 'മംഗ്ലീഷാ'യി മാറിപ്പോയ്‌ ദയനീയം !
അരിയിലെഴുതിച്ചു നിന്നെയെൻ വിരൽത്തുമ്പാൽ
ഹരിശ്രീയാദ്യാക്ഷരമിന്നതുമറന്നോ നീ?
തുഞ്ചന്റെ കിളിക്കൊഞ്ചൽ കേട്ടു നീ വളർന്നൊപ്പം
കുഞ്ചന്റെ തുള്ളൽപ്പാട്ടിൽ പുഞ്ചിരി വിരിയിക്കെ,
'ഉന്തുന്തു' മട്ടിൻ ഗാഥാകാരനാം ചെറുശ്ശേരി
വൃന്ദാവനത്തിൽ നിന്നെസൽക്കരിച്ചിരുത്തവെ,
പൂന്താനം പാടും ഭക്തിസാന്ദ്രമാം ജ്ഞാനപ്പാന
പൂന്തേനായ്‌ നുകരവെ, കൈവല്യം പകരവെ,
മീൻ തൊട്ടുകൂട്ടും ഭട്ടതിരിയോ വിരൽത്തുമ്പാൽ
ചന്ദനലേപം പൂശി നാരായണീയം നൽകെ,
ഉള്ളൂരിന്നത്ത്യുജ്ജ്വല ശബ്ദാഢ്യതരംഗവും
വള്ളത്തോൾ തഴുകിയ സുന്ദരപദങ്ങളും
ആശാന്റെയചുംബിത ഭാവനാവിലാസമാ-
മാശയസമ്പത്തും നിൻ മേനിയെ പുണരവെ,
വളർന്നൂ തരുണിയായ്‌, കേരളനടനശ്രീ
തിരളും നിന്നെക്കാണാൻ പരദേശികളെത്തി
ചെണ്ടതൻ മുഴക്കത്തിൽ വേഷമിട്ടാടി, കലാ-
മണ്ഡലം കുചേലനായ്‌,കൃഷ്ണനായ്‌ മാറ്റീ നിന്നെ.
തല്ലിപോൽ കുചേലനാ കൃഷ്ണനെ, അനുഭവ-
മല്ലലായ്മാറ്റി തന്റെ കുടുംബം തകർത്തപ്പോൾ.
അന്നുതൊട്ടല്ലോ കഥമാറിപ്പോയ്‌, തവളകൾ
പന്നഗങ്ങളെ തിന്നു, എലിയോ മാർജ്ജാരനെ,
പുലിയെ കൊന്നീടുന്നു പശുക്കൾ, തകർക്കുന്നു
മലയെ ജേസീബികൾ, പുഴയെ മാലിന്യങ്ങൾ,
വയലോ നികത്തുന്നു, കൃഷിയില്ലാതാവുന്നു,
അയൽനാടുകളുടെ കനിവിന്നിരക്കുന്നു.
മന്ത്രിമാർ പൂരപ്പാട്ടുപാടുന്നു, പുണ്യക്ഷേത്ര-
തന്ത്രിമാർ വ്യഭിചാരശാലയിലുറങ്ങുന്നു,
ഗുരുവെ പൊതിക്കുവാൻ പാരതേടുന്നൂ ശിഷ്യർ
ഒരു രോഗിയായ്‌ ഡോക്ടർ കട്ടിലിൽ കിടക്കുന്നു.
കള്ളനെ പേടിച്ചല്ലോ പോലീസിന്നൊളിക്കുന്നു
വെള്ളവുമണക്കെട്ടുമുറക്കം കെടുത്തുന്നു
കണ്ണീരുപൊഴിക്കുന്ന കേരളമക്കൾക്കൊപ്പം
ഉണ്ണാതെയിരിക്കുന്നു രാഷ്ട്രത്തെ ഭുജിപ്പവർ
നീതിദേവതയെന്ന ഗാന്ധാരിതൻ കൺമുന്നിൽ
നൂറ്റവർ ചിരിക്കുന്നു, പാഞ്ചാലി വിതുമ്പുന്നു
കോടികൾ ഗാന്ധിച്ചിത്രം പേറി ഹാ! മറയുന്നു
കോഴകൾ അഴിമതിക്കൊപ്പമായ്‌ വളരുന്നു
റോഡിലെ കുഴികളിൽ ചോരവീണുറക്കുന്നു
രോഷാഗ്നി പടരുന്നു നെഞ്ചകമെരിയുന്നു
കേരമില്ലാതാം കൊച്ചു കേരളമയൽനാട്ടിൽ
കേരകേദാരം തിങ്ങിവളരുന്നതു കാൺകെ,
കേവലം തളരുന്നൂ, പശ്ചിമഘട്ടങ്ങളെ
കേറാതെ, കടക്കാതെ കേരളമണ്ണിൽത്തന്നെ. 

                    -------പി.വി. മധുസൂദനൻ.

Tuesday, October 29, 2013

കണ്ണൂര്‍ ജില്ലാ കവിമണ്ഡലം




 കവിത മരിക്കുന്നില്ല. അത്‌ അമൃതവും അനന്തവുമാണെന്ന്‌ അടിവരയിട്ട്‌ ഉറപ്പുവരുത്തുന്ന ഒരു സംഘടന കണ്ണൂരിലുണ്ട്‌. കണ്ണൂര്‍  ജില്ലാ കവിമണ്ഡലം. 2006 ജൂലായ്‌ 2ന്‌ ഒരു പെരുമഴയത്ത്‌ പഴയങ്ങാടിയില്‍ രൂപം കൊണ്ട ഈ സംഘടന ഇന്ന്‌ ജില്ലയുടെ മുക്കിലും മൂലയിലും വ്യാപിച്ചുകിടക്കുന്നു.
രക്ഷാധികാരിയായി പ്രശസ്തകവിയും പ്രസംഗകനുമായ പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരനും, ഉപദേശകസമിതി അംഗങ്ങളായി ഡോ.ആര്‍.സി.കരിപ്പത്ത്‌, എന്‍.കെ.കൃഷ്ണന്‍ പള്ളിയാ ശ്രീധരൻ എന്നിവരുമുണ്ട്‌.
 ജനറല്‍ കണ്‍വീനറായി രാമകൃഷ്ണന്‍ കണ്ണോം. കണ്‍വീനര്‍മാരായി സി.പി.പി.നമ്പ്യാര്‍ 
(പ്രോഗ്രാം), രാജേഷ്‌ വാര്യർ പൂമംഗലം (ഫാക്കൽട്ടി), കെ.കൈലാസ്‌ മാസ്റ്റർ (ഫിനാൻസ്‌) എന്നിവരുമാണുള്ളത്‌.  സെക്രട്ടറിയേറ്റിൽ ഡോ.എ.എസ്‌.പ്രശാന്ത്‌ കൃഷ്ണൻ, ശങ്കരൻ കോറോം, പ്രേമാനന്ദ് ചമ്പാട്‌ എന്നിവരുമുണ്ട്‌.

 കവിമണ്ഡലത്തിന്‌ അഞ്ച്‌  മേഖലകളാണ്‌ ഇപ്പോൾ ഉള്ളത്‌.
പയ്യന്നൂര്‍ (മേഖലാ കണ്‍വീനര്‍ രഞ്ജിത്ത്‌ മാത്തില്‍), തളിപ്പറമ്പ്‌ (ഒ.വി.തോമസ്സ്‌ ), കണ്ണൂര്‍  (ചന്ദ്രശേഖരന്‍ ചാലാട്‌), കൂത്തുപറമ്പ്‌ (പി.വി.മധുസൂദനന്‍). 
പേരാവൂർ  (ബാബു പേരാവൂർ )

ജില്ലയിലെ സാഹിത്യ വാസനയുള്ളവരെ കൈ പിടിച്ചുയര്‍ത്തുക, അവര്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, വിദ്യാര്‍ത്ഥികളില്‍ ഒളിഞ്ഞിരിക്കുന്ന കലാസാഹിത്യവാസനകളെ കണ്ടെത്തി അവ പരിപോഷിപ്പിക്കുക, തെറ്റുകള്‍ തിരുത്തുക, അവരുടെ ശബ്ദം പുറംലോകത്ത്‌ കേള്‍പ്പിക്കുക എന്നിവയാണ്‌ ലക്ഷ്യം. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ സാമൂഹിക പാരിസിഥിതിക പ്രശ്നങ്ങളിലും, ആരോഗ്യ സേവന രംഗങ്ങളിലും കവിമണ്ഡലത്തിന്റെ സക്രിയ സാന്നിദ്ധ്യമുണ്ട്‌.

 പ്രധാന നാഴികക്കല്ലുകള്‍
 
2006ജൂലായ്‌ 2രൂപീകരണം, മഴ സൌഹൃദ കവിസംഗമം, പഴയങ്ങാടി   ആഗസ്ത്‌ 6 ഭീകരവാദവിരുദ്ധ കവിതാരവം, കണ്ണൂര്‍  (പ്രൊ. മേലത്ത്‌ ചന്ദ്രശേഖരന്‍)  സപ്തംബര്‍ 7   ശ്രാവണ സാന്ത്വനം- അഴീക്കോട്‌ (ടി.പി. ഭാസ്കര പൊതുവാള്‍) ഒക്ടൊ 15 ഇടശ്ശേരി അനുസ്മരണം, പിലാത്തറ  ഡിസം.31    40 കഴിഞ്ഞവര്‍ക്ക്‌ സംസ്ഥാന കവിതാമത്സരം


2007ജനുവരി 7 കക്കാട്‌ അനുസ്മരണം, കണ്ണൂര്‍ .(എന്‍.കെ. കൃഷ്ണന്‍)  ഫെബ്രു 17  ദിവാകരന്‍ വിഷ്ണുമംഗലത്തിന്‌ അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്‌ ദാനം (പി.പി. ശ്രീധരനുണ്ണി)  മാര്‍ച്ച്‌ 10   പി. ഭാസ്കരന്‍ സ്മൃതി സായാഹ്നം, കണ്ണൂര്‍   മെയ്‌ 6 കുഞ്ചന്‍ നമ്പ്യാര്‍ സ്മൃതി, പയ്യന്നൂര്‍   ജൂലായ്‌ 14 കവിമണ്ഡലം ഒന്നാം വാര്‍ഷികം- പി.സ്മാരക കവിതാ ക്യാമ്പ്‌, കൂടാളി (ഡി. വിനയചന്ദ്രന്‍)  ഒക്ടോ 7 നാലാപ്പാട്ട്‌ അനുസ്മരണം-പുസ്തക പ്രകാശനം, കണ്ണൂര്‍ (പി.കെ. ഗോപി) ഡിസം 22 വൈലോപ്പിള്ളി സ്മൃതി, പിലാത്തറ


2008 ജനുവരി 30 കുഞ്ഞുണ്ണി സ്മൃതി, പഴയങ്ങാടി (പള്ളിയറ ശ്രീധരന്‍) ജൂണ്‍30  പി. ഭാസ്കരന്‍ സുവര്‍ണ്ണമുദ്ര പുരസ്കാരത്തിന്‌ അഭിപ്രായവോട്ടെടുപ്പ്‌ ജൂലായ്‌ 12 പാലാ നാരായണന്‍ നായര്‍ സ്മൃതി-കവിമണ്ഡലം രണ്ടാം വാര്‍ഷികം,കണ്ണൂര്‍  ആഗസ്ത്‌ 30  അനില്‍ പനച്ചൂരാന്‌ പി. ഭാസ്കരന്‍ സുവര്‍ണമുദ്ര പുരസ്കാരദാനം-കവിതാലാപന മത്സരം, പഴയങ്ങാടി ഒക്ടൊ 10 അക്ഷരപൂജ കവിതാരവം, കണ്ണൂര്‍ (വാണിദാസ്‌ എളയാവൂര്‍).ഒക്ടൊ 31  വയലാര്‍ സ്മൃതി, കണ്ണൂര്‍  (ഡി. വിനയചന്ദ്രന്‍). നവമ്പര്‍ 8 വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിമാസ കവിതാക്ളാസ്സ്‌ ആരംഭം (പയ്യന്നൂര്‍  വിശ്വകല അക്കാദമി, തളിപ്പറമ്പ്‌ പ്രൊവിഡന്‍സ്‌ കോളേജ്‌, കണ്ണൂര്‍ കോളേജ്‌ ഓഫ്‌ കൊമേഴ്സ്‌, കൂത്തുപറമ്പ്‌ വൃദ്ധജനസേവനകേന്ദ്രം)    ഡിസം 27 പപ്പന്‍ ചെറുതാഴത്തിന്റെ 'സുഗന്ധം നഷ്ടപ്പെടുന്ന പൂക്കള്‍' പ്രകാശനം, കണ്ണൂര്‍  (ടി.എന്‍. പ്രകാശ്‌)


 2009 ജനുവരി 30 ക്യാമ്പസ്‌ കവിസദസ്സ്‌ ആരംഭം, ശകരാചാര്യ സംസ്‌കൃത കോളേജ്‌ എടാട്ട്‌
മാര്‍ച്ച്‌ 28 പുറച്ചേരി കേശവതീരം ദ്വിദിന കവിതാക്യാമ്പ്‌ (ഡോ.ആര്‍.സി. കരിപ്പത്ത്‌) മെയ്‌ 9 വിദ്യാര്‍ത്ഥി ക്യാമ്പ്‌,  കണ്ണൂര്‍  (ബാലകൃഷ്ണന്‍, കൊയ്യോന്‍) മെയ്‌ 31 അക്ഷരസാന്ത്വനം വായനാപദ്ധതി ആരംഭം, കേശവതീരം പുറച്ചേരി ജൂലായ്‌ 5 മാടായിപ്പാറയില്‍ പരിസ്ഥിതി സ്നേഹാരവം-കവിമണ്ഡലം മൂന്നാം വാര്‍ഷികം  ആഗസ്ത്‌ 1 സ്കൂള്‍തല കവിതാങ്കണം ആരംഭം, ചെറുപുഴ ജെ.എം.യു.പി. സ്കൂള്‍ സപ്തം 29 ജില്ലാതല മൈത്രീസംഗമം, കൂത്തുപറമ്പ്‌ വൃദ്ധജനസേവനകേന്ദ്രം (കെ. തായാട്ട്‌) ഒക്ടൊ 2 കവിതാങ്കണം, പെരളം യു.പി. സ്കൂള്‍ ഒക്ടൊ 4 മാടായിപ്പാറ സംരക്ഷണ ഉപവാസം- അനുഭാവസംഗമം, കണ്ണൂര്‍ നവം 14 കവിതാക്ളാസ്സ്‌ ഒന്നാം വാര്‍ഷികം-കവിതാങ്കണം, കൂത്തുപറമ്പ്‌ ഹൈസ്കൂള്‍


 2010 ജനുവരി 9 കക്കാട്‌ സ്മൃതിസംഗമം (4 മേഖലാ കേന്ദ്രങ്ങളില്‍) ഫെബ്രു 8 ഗിരീഷ്‌ പുത്തഞ്ചേരി സ്മരണാഞ്ജലി (4കേന്ദ്രങ്ങളില്‍) മാര്‍ച്‌ 3 വള്ളത്തോള്‍ സ്മൃതി  (4കേന്ദ്രങ്ങളില്‍)  മെയ്‌ 8 കേശവതീരം ദ്വിദിന കവിതാക്യാമ്പ്‌ (പ്രൊ.മുഹമ്മദ്‌ അഹമ്മദ്‌, ഡോ.വൈ.വി.കണ്ണന്‍, ടി.പി. പത്മനാഭന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍  മാസ്റ്റര്‍) ജൂണ്‍ 11 ഉള്ളൂര്‍ സ്മരണാഞ്ജലി (4കേന്ദ്രങ്ങളില്‍)
ജൂലായ്‌ 18 കവിമണ്ഡലം പ്രസിദ്ധീകരിക്കുന്ന വിത,മുള,വിള എന്ന പുസ്തകത്തിന്റെ പ്രകാശനം, കോളേജ്‌ ഓഫ്‌ കൊമേഴ്സ്‌ കണ്ണൂര്‍, , (ആലങ്കോട്‌ ലീലാകൃഷ്ണന്‍)  നവമ്പര്‍ 22 എന്‍ഡൊസള്‍ഫാന്‍ വിരുദ്ധ മുഴുദിന കവിതാരവം, സ്റ്റേഡിയം കോര്‍ണര്‍ കണ്ണൂര്‍


2011  ഫെബ്രുവരി 20 കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ആദരണം, കേശവതീരം പുറച്ചേരി മെയ്‌ 7,8  ദ്വിദിന കവിതാക്യാമ്പ്‌  കേശവതീരം (സിപ്പി പള്ളിപ്പുറം) ആഗസ്ത്‌ 28  മാടായിപ്പാറ സംരക്ഷണ കവിതാജാഥ, ജൂതക്കുളം, വടുകുന്ദത്തടാകം സന്ദര്‍ശനം, ജലപൂജ
 
2012  ഫെബൃ 12  ചങ്ങമ്പുഴ, വൈലോപ്പിള്ളി അനുസ്മരണം, കേശവതീരം (പി.പി.ശ്രീധരനുണ്ണി, പ്രൊ.മേലത്ത്‌) മാര്‍ച്ച്‌ 18 ജില്ലാതല കവിസമ്മേളനം അമസോണ്‍ കോളജ്‌, കണ്ണൂര്‍  . മെയ്‌ 26,27  ദ്വിദിന കവിതാക്യാമ്പ്‌, പി അനുസ്മരണം, കേശവതീരം (കവിപുത്രന്‍ രവീന്ദ്രന്‍ നായര്‍, ഡോ.എ.എസ്സ്‌. പ്രശാന്ത്‌ കൃഷ്ണന്‍, പയ്യന്നൂര്‍  കുഞ്ഞിരാമന്‍ മാസ്റ്റര്‍) ജൂണ്‍ 9  ഉള്ളൂര്‍  സ്മൃതിസംഗമം (4കേന്ദ്രങ്ങളില്‍)...........
ജൂൺ 10,17,24  മേഖലാ സംഗമം.  ജൂലായ് 14 ഇടപ്പള്ളി സ്മൃതി സംഗമം, കൂത്തുപറമ്പ്‌ വൃദ്ധജനസേവനകേന്ദ്രം  ജൂലായ് 22  കവിമണ്ഡലം സ്ഥാപകദിനസംഗമം- ശാസ്ത്ര കവിത ശില്പശാല കണ്ണൂർ സയൻസ്‌പാർക്ക്‌. നാരായണൻ കാവുമ്പായി, പള്ളിയറ ശ്രീധരൻ. ആഗസ്ത്‌ 8 കവിതാങ്കണം- മുഴക്കുന്ന്‌ ഗവ: യു,പി, സ്ക്കൂൾ, പി.വി.മധുസൂദനൻ, സി.പി.പി.നമ്പ്യാർ, പി.കുമാരൻ.  ആഗസ്ത്‌ 26 കവി സവിധം-ആരംഭം- മേലതിയടം കുഞ്ഞിരാമൻ ഭവനം.
സപ്തംബർ 9  ഇന്ദുലേഖ നോവൽ ചർച്ച. കൂത്തുപരമ്പ്‌ വൃദ്ധജനസേവനകേന്ദ്രം.  സപ്തംബർ 16  കവിതാങ്കണം - കുണിയൻ എൽ.പി.സ്ക്കൂൾ, രാമകൃഷ്ണൻ കണ്ണോം , കെ.കൈലാസ്‌ മാസ്റ്റർ  സപ്തംബർ 23  കണ്ണൂർ മേഖല കവിസവിധം - ദിവാകരൻ മാവിലായി ഭവനം
ഒക്ടോബർ 13  കവിതാങ്കണം - ചീമേനി കൂളിയാട്‌ യു.പി.സ്ക്കൂൾ.
നവംബർ18  മുല്ലനേഴി സ്മൃതി സംഗമം. പയ്യന്നൂർ, കണ്ണൂർ
ഡിസംബർ 9 കൂത്തുപറമ്പ്‌ മേഖലാ കവി സവിധം - പി.കുമാരൻ ഭവനം

2013  ജനുവരി   13 കുമാരനാശാൻ സ്മൃതി - കൂത്തുപറമ്പ്‌ വൃദ്ധജനസേവനകേന്ദ്രം.  ജനുവരി 26  കവിയരങ്ങ്‌ - ചാലാട്‌ ഐക്യ സോദര സാഹിത്യസമാജം.  ഫെബ്രുവരി 3 മഹാകവി  ജി. സ്മൃതി. പയ്യന്നൂർ,  കണ്ണൂർ. ഫെബ്രുവരി 16 ഡി.വിനയചന്ദ്രൻ അനുസ്മരണം - പയ്യന്നൂർ.  ഫെബ്രുവരി 24  കാവ്യസായാഹ്നം - പിലിക്കോട്‌  സി.ആർ.സി.വായനശാല. മാർച്ച് 10  വള്ളത്തോൾ സ്മൃതി സംഗമം കൂത്തുപറമ്പ്‌ വൃദ്ധജനസേവനകേന്ദ്രം.  മാർച്ച് 11  ഡി.വിനയചന്ദ്രൻ പുരസ്ക്കാരത്തിന്‌ സംസ്ഥാനതലത്തിൽ കവിതകൾ ക്ഷണിച്ചു.
മാർച്ച്‌ 24  കവിമണ്ഡലം ദ്വിതീയ സമാഹാരം - വിത്തും പത്തായവും പ്രകാശനം - ഡി.വിനയചന്ദ്രൻ അനുസ്മരണം - യു.കെ.കുമാരൻ