
രാധാകൃഷ്ണൻ, തലച്ചങ്ങാട്
നട്ടപ്പാതിരനേരത്തിരുളു തുരന്നു വരുന്നോ‘രൊറ്റമുലച്ചി’
കുറ്റിച്ചൂലാൽ മുറ്റമടിച്ചു മിനുക്കുമൊരൊച്ചകൾ കേൾക്കാനില്ല !
മേലേക്കുന്നിൽ നിന്നുമിറങ്ങിത്തൊടിയിലിരുട്ടിലൊളിച്ചുകളിക്കും
‘കൂളി’കളിപ്പോൾ ജന്നലിലൂടെൻ കുഞ്ഞേടത്തിയെ മാന്താറില്ല !
പുഴയിൽ മുങ്ങിച്ചത്തവർ, മാവിൻ കൊമ്പിൽ തൂങ്ങിമരിച്ചവരാരും
കർക്കിടരാവിൽ പേടിവിതയ്ക്കും ‘ബീരൻ’മാരായ് കൂവാറില്ല !
സ്നേഹിച്ചേ കൊതിതീരാതെന്നോ മരണം പൂകിയ നൽ മുത്തശ്ശി,
നാലുംകൂട്ടി മുറുക്കിത്തുപ്പി, പേനപ്പേടി വിതയ്ക്കാറില്ല !
നക്ഷത്രങ്ങളിരുട്ടിലൊളിക്കും സന്ധ്യകളിൽ മണിനാഗത്താന്മാർ
മിന്നൽ ക്കൊടിപോലാകാശത്തിൽ സർപ്പപ്പേടി നിറക്കാറില്ല !
ഉണ്ണിക്കൈകഴുകിക്കാനൂട്ടാൻ അക്ഷരമുത്തു കൊറിപ്പിച്ചീടാൻ
‘മാമാതം’ പറയാതെയുറങ്ങാൻ മാണ്ടായ് പേടികളെത്താറില്ല !
അമ്മ പറഞ്ഞതു കേൾക്കാതുച്ചക്കങ്ങോട്ടിങ്ങോട്ടോടീടുമ്പോൾ
ഭാണ്ഡക്കെട്ടിൽ ഭസ്മവുമായി ‘സ്വാമി’പ്പേടികളെത്താറില്ല !
പേടികൾ ! നേർവഴി കാട്ടാനെത്തിയ പേടികളെങ്ങോ മറയുന്നേരം
പുതുകാലത്തിൽ പുതുപേടികളുടെ പല്ലും നഖവും നീണ്ടീടുന്നു
അത്താഴത്തിൽ ചോരതെറിപ്പിച്ചലറിപ്പായും കൊലവെറിയായി
അമ്മക്കുളിയുടെ നഗ്നത ‘നെറ്റിൽ’ ‘ലൈക്കിനു’ വിതറും പടുമകനായി
കുഞ്ഞുമ്മോളുടെയടിവയർ പൊട്ടിച്ചമറും കാമക്കുറുനരിയായി
മേധയിലസുരവികാരം കുത്തിനിറയ്ക്കും കുടില‘പരമ്പര’യായി
അക്ഷരമുണ്ണാനെത്തും കുഞ്ഞിനു മുന്നിൽ പലിശപ്പെട്ടികളായി
കപടസദാചാരത്തിൻ വായ്ത്തലകൾ തേച്ചുമിനുക്കിയ വാളുകളായി
ആകാശത്തിലിരമ്പിപ്പായും അഗ്നിശരത്തിൻ പോർമുനയായി
ശ്വാസത്തിൽ വിഷമൂതിനിറയ്ക്കും യന്ത്രപ്പക്ഷിച്ചിറകുകളായി
കൊമ്പുകുലുക്കി കുമ്പകുലുക്കി, തേറ്റപ്പല്ലും കുന്തവുമായി
ദിക്കുകളെട്ടും ഞെട്ടിച്ചലറും പേടികളെങ്ങും നിറയുന്നു !
പുതുപേടികൾതുള്ളുന്നു - ജീവിതമൊരു പേടിക്കഥയാവുന്നു !
കൊല്ലും പേടികൾ പെരുകുമ്പോൾ ആ- ഇല്ലാപ്പേടികളെത്ര സുഖം !!