Monday, July 28, 2014

രണ്ടു കവിതകൾ




പി.വി.മോഹനൻ, ഇരിട്ടി


നന്മ



നന്മകൾ ചെയ്തിടാത്തവർ മാനവർ

സ്വാർത്ഥതതൻ വിളനിലമിന്നവർ
മാത്രമെങ്ങും പരിഷ്കാരചിന്തകൾ
യാന്ത്രികമായി ജീവിതമൊക്കെയും
നന്മകൾ കുറഞ്ഞീടുന്നു ചുറ്റിലും
തിന്മകൾ പെരുകീടുന്നു നമ്മളിൽ
തിന്മകൾ വിമർശിക്കുവാനുള്ളതാം
സന്മനസ്സു നാം കാട്ടാൻ മടിക്കുന്നു.
പൈതൃക സദാചാരമൂല്യങ്ങളെ
പാടെത്തന്നെ മറന്നുപോയീടുന്നു
വാക്കുകൾക്കും പ്രവൃത്തിക്കുമൊന്നുമെ
അർത്ഥമൌചിത്യമില്ലാത്ത കാലമായ്
നാം കുഴിച്ച കുഴിയിൽ നാം വീഴുന്നു
മുമ്പേ പോയോരെയൊക്കെ പഴിക്കുന്നു
നില്ക്കുകില്ലിവിടത്തിൽ നാമേറെ നാൾ
നില്ക്കുവോളവും നന്മ പുലർത്തണം.


താരാട്ട്‌ പാടാത്ത അമ്മ



അമ്മതൻ താരാട്ട്‌ കേൾക്കുന്നില്ല

അമ്മിഞ്ഞപ്പാലിൻ മധുരമില്ല
ഇന്നെന്റെ കുഞ്ഞോമനൾ വരണ്ടുള്ള
കുഞ്ഞിളം ചുണ്ട്‌ വിടർത്തിടുന്നു.
അമ്മമാർക്കൊക്കെ വിമുഖതതാൻ
എങ്ങും സുലഭമായ്‌  കുപ്പിപ്പാലും
നാലു ചുമരുകൾക്കുള്ളിലായ്ത-
ന്നോമലെ അംഗനവാടിതന്നിൽ
ടീച്ചർതൻ കൈകളിലേല്പ്പിച്ചിടും
കൊച്ചമ്മയായി മടങ്ങുമമ്മ !
കളിയും ചിരിയുമായ് ടീച്ചർക്കൊപ്പം
കഴിയുന്ന കൌമാരമെന്ന കാലം
ഒരിടം വിട്ടൊരിടത്തിൽ കൂടുമാറും,
കാലവൃക്ഷത്തിന്നില കൊഴിയും
മക്കൾതൻ ദൃഷ്ടിയിൽ പെറ്റമ്മയും
ടീച്ചറുമൊന്നുപോലായി മാറും
അമ്മയെന്നുള്ള രണ്ടക്ഷരത്തി-
ന്നർത്ഥമിന്നാർക്കുമറിഞ്ഞുകൂടാ
രക്തബന്ധത്തിന്റെ നാന്ദിയായി
ദുഗ്ധബന്ധം വേണമോർത്തുകൊൾക






3 comments:

  1. നല്ല കവിതകൾ. ഇനിയും എഴുതുക. ആശംസകൾ

    ReplyDelete
  2. നല്ല കവിതകള്‍. നന്മ പുലരാന്‍ നിമിത്തമാകട്ടെ, മോഹനന്‍റെകവിതകള്‍ . അഭിനന്ദനം . വീണ്ടും എഴുതുമല്ലോ

    ReplyDelete
  3. അഭിനന്ദനാർഹമായ
    മൊഴി കൾ, വരികൾ

    ReplyDelete