Sunday, January 19, 2014

"സര്‍വ്വമംഗള" പുരസ്കാരം

Iകണ്ണൂര്‍ ജില്ലാ കവിമണ്ഡലം ഉപദേശകസമിതി അംഗമായ പ്രശസ്ത സാഹിത്യകാരനും, കവിയും, ചരിത്രകാരനും, പ്രഭാഷകനും, മുത്തപ്പന്‍ മാസികയുടെ മുന്‍ അസോ.എഡിറ്ററുമായ ശ്രീ. എന്‍.കെ കൃഷ്ണന്‍ മാസ്റ്റര്‍ക്ക്‌ "സര്‍വ്വമംഗള" പുരസ്കാരം ലഭിച്ചു. ശില്പവും പ്രശസ്തി പത്രവും 11,111/- രൂപയും അടങ്ങിയതാണ്‌ “സർവ്വമംഗള”  പുരസ്കാരം.
വിവേകാനന്ദ വിചാര സത്രം 19.1.2014 ന്‌  സംഘടിപ്പിച്ച ചടങ്ങില്‍ സാമുഹ്യ സാഹിത്യ മണ്ഡലത്തിലെ നിരവധി പ്രശസ്തര്‍ പങ്കെടുത്തു.

നഷ്ടസ്വപ്നങ്ങൾ

പി.വി.മോഹനൻ, ഇരിട്ടി


ഒരുവേളയെങ്കിലും 
തിരികെ എന്നരികിലായ്
വരുമോ വിളിച്ചാലെന്നമ്മേ ?
കൺനിറയെ കാണുവാൻ
ആഗ്രഹമുണ്ടേറെ
അമ്മയുടെ  മടിയിൽ
തലചായ്ച്ചുറങ്ങാൻ
സ്വപ്നങ്ങളിലേറെയും
പുഞ്ചിരിതൂകുന്നൊ-
രമ്മതൻ മുഖമത്രെ കാണ്മൂ
കഥകേട്ടുറങ്ങുന്ന 
രാവുകൾ വന്നിടാൻ
കാത്തിരിക്കുന്നു ഞാനെന്നും
ഒറ്റയ്ക്കിരിക്കെ ഒരായിരം ഗതകാല
സ്മൃതികളുണരുന്നു  ചുറ്റും
മാതൃവാത്സല്യം പകരാൻ മനസ്സുള്ള
മാതാവ്‌ ദൂരെ മറഞ്ഞു
നന്മകൾ മായുന്ന 
മണ്ണിതിലൊറ്റയ്ക്കായ്
ഖിന്നനായലയുന്നു ഞാനും
അമ്മയുറങ്ങുന്ന 
മണ്ണിൻ മടിയിൽ ഞാൻ
അല്പമിരുന്നുറങ്ങട്ടെ
നഷ്ടസ്വപ്നങ്ങളെ 
വീണ്ടെടുക്കട്ടെ ഹാ!
തീർക്കട്ടെ ഞാനെന്റെ ദുഖം

Monday, January 6, 2014

ഗുരുവന്ദനം



പ്രീത കെ.വി.

ധ്യാന ഗുരുക്കന്മാരുടെ
പർണ്ണശാലകൾ
കത്തിയെരിഞ്ഞു.

അഭിനവ ഗുരുക്കന്മാരുടെ
ആത്മാങ്കണത്തിൽ
“പ്രായോഗികത, ശമ്പളനിരക്ക്‌
അപകടരാഹിത്യം, സുരക്ഷ ”
ചൊല്ലുകളിൽ ആലസ്യം പൂണ്ട്‌
ശീതീകരണി സഹിതം, 
നാൽച്ചക്ര വാഹനത്തിലെ
സുഖസഞ്ചാരത്തിൽ
വേഗഗമനം കൊൾവൂ.

അൽപ്പവസ്ത്രധാരിയായ
അരപ്പട്ടിണി,  അദ്ധ്വാനി
ശിഷ്യഗണങ്ങൾ കാലയവനിക പൂകി
അഭിനവ ശിഷ്യന്മാർ
ബൈക്കുകളിൽ ചീറിപ്പായവെ,
പേടിച്ചു വഴിമാറും ഗുരുക്കന്മാർ
ഊർന്നു വീഴുന്ന കാൽശരായിയിലും
ഐഷാഡൊ, ലിപ്!സ്റ്റിക്ക്‌, റൂഷ്‌ ചമയങ്ങളിലും
ആകുലത പൂണ്ട്‌ ചോദ്യചിഹ്നങ്ങളായി

എങ്കിലും
അറിവിൻ നിറനിലാവിൽ
ലയിച്ചുറങ്ങി, പൊന്നുഷസ്സിലുണർന്ന്‌
സൂര്യതേജസ്സായി ജ്വലിച്ച്‌
ചെന്തീയിൽ കത്തിയമരാനും
ജന്മങ്ങളിവിടെയുണ്ടെന്ന നിറവിൽ
ഗുരുജനങ്ങളും, ശിഷ്യഗണങ്ങളും
വന്ദിപ്പൂ പരസ്പരം
ഈ ശുഭദിനവേളയിൽ
ചേർന്നുവെപ്പൂ മനസ്സിൻ
വാടാമല്ലിപ്പൂന്തോപ്പിൽ
സഫലമാമൊരു ഗുരുവന്ദനം.