Saturday, June 13, 2015

ചപ്പാത്തി



പി.വി.മധുസൂദനൻ


ശുഭ്രമായ് വിളങ്ങുന്ന ഗോതമ്പുമാവിൽ നല്ല
ശുദ്ധനെയ്ചേർത്തിട്ടുപ്പും വെള്ളവും യഥാക്രമം
സന്നിവേശിപ്പിച്ചതു കുഴച്ചുകുഴച്ചൊരു
കുന്നുപോലാക്കി പിന്നെ തുണിയാൽ മൂടുമ്പോലെ
കവിഭാവനയതിൽ വിരിയും ചിത്രം നേരിൽ
നവ ഗോളകങ്ങളായ് മാറ്റിയുമുരുട്ടിയും
പലയാം കടലാസ്സിൽ ചപ്പാത്തിക്കോലാം പെന്നാൽ
പരത്താൻ ശ്രമിപ്പൂ ഞാൻ കവിതച്ചപ്പാത്തിയെ.
വൃത്തമൊത്തീടാൻ, പ്രാസവ്യാസങ്ങളൊത്തീടുവാൻ
ഒട്ടാതെയിരിക്കുവാൻ അറിവിൻ മാവും തൂവും.
ചപ്പാത്തി തിന്നുമ്പോഴൊന്നോർക്കണേ കവിയുടെ
കൈപ്പുണ്യം, കരിഞ്ഞവ മാറ്റി ഞാൻ സ്വയം തിന്നാം.


No comments:

Post a Comment