അണ്ണാൻ
=======
എൻ.കെ.കൃഷ്ണൻ
ഒരുപ്രഭാത,മുറക്കമുണർന്നു ഞാ-
നലസമൂർത്തിയായ് കൈകാൽ തലോടവെ,
പഴുതെ നിർലക്ഷ്യചിത്തനായ് ജാലക-
പ്പഴുതിലൂടെ പുറത്തു വീക്ഷിക്കവെ,
ചെറിയൊരണ്ണാനിരിക്കയാണങ്കണ-
ച്ചരിവിൽ മേലോട്ടുയർത്തിയ വാലുമായ്.
മധുരമൂറുന്ന മാമ്പഴം തിന്നുവാൻ
കൊതിമുഴുത്തവൻ പായുന്നു തല്ക്ഷണം
ചടുലതാളത്തിൽ മാവിൽ കരേറുന്നു
ചലനവേഗത്തിലത്ഭുതം കാട്ടുന്നു
ഉയരമേറുന്ന പാദപം, ശാഖികൾ
പലതുമേറെ വളഞ്ഞുപുളഞ്ഞതും
പരുപരുത്ത മരത്തൊലിക്കീറുകൾ
മൃദുലമേനിയിലേറ്റിടും വാളുകൾ
കരതലസ്പർശമേല്ക്കവെയറ്റുപോം
കുറിയചില്ലയിൽ തൂങ്ങുന്ന മാമ്പഴം
ഒരുപൊടിപ്പേടിയില്ലാതെ, ‘യിച്ചടി’-
യുരുവിടുന്നവൻ ശീർഷാസനസ്ഥനായ് !ഇവിടെ താഴത്തിരിക്കും മനുഷ്യന്റെ
ഹൃദയതാളം ത്വരിപ്പിച്ച മാന്ത്രികാ
എവിടെനിന്നിന്ദ്രജാലം പഠിച്ചു നീ?
വശഗമാണോ മഹേന്ദ്രജാലം സഖേ?
കഥകൾകേട്ടു ഞാൻ രാമായണത്തിലെ
കപികൾ സിന്ധുവിൽ സേതുനിർമ്മിക്കവെ
കഴിവിനൊത്തുനീ സൈകതം തൂവിപോൽ
വരദനീശൻ വരത്രയം നല്കിപോൽ
അതുലമാം മെയ് വഴക്കമന്നാളിലോ
ജഗദധീശനിൽനിന്നു കൈപ്പറ്റി നീ
ഒരുമരക്കൊമ്പിൽനിന്നു മറ്റൊന്നിലേ-
ക്കൊരുദിനം നീ കുതിക്കവെ കാലുകൾ
വഴുതിവീണുപോൽ താഴത്തു കുത്തനെ
നരനൊരുത്തന്റെ കണ്ണേറുകാരണം
കരുതിയെല്ലാം കഴിഞ്ഞെ,ന്നസൂയയാൽ
മുദിതമാനസൻ മർത്ത്യനെന്നാകിലും
വെറുമരക്ഷണം ‘ഇച്ചടി’ പാടി നീ
കുതികുതിക്കുന്നുയർത്തിയ വാലുമായ് !
ഇളകിയാടുന്ന ചില്ലതൻ തുമ്പിലും
ഇലകൾകാർന്നതിൻ ശേഷിച്ച തണ്ടിലും
അതുലവേഗത്തിൽ മാസ്മരവിദ്യകൾ
പലതുകാട്ടുന്ന മാന്ത്രികാഗ്രേസരാ
തലകുനിക്കുന്നു കായികസിദ്ധികൾ
പലതുമില്ലാത്ത ദൌർഭാഗ്യശാലി ഞാൻ
കുരുവി,യണ്ണാനരിപ്പിറാ,വല്ലെങ്കിൽ
കഴുകനായേ ജനിക്കാവു ഭാവിയിൽ
---------------------------------------------
No comments:
Post a Comment