Monday, June 1, 2015

പ്രണയവസന്തം

പ്രണയവസന്തം
===========

ബാബു പേരാവൂർ


സപ്തവർണ്ണങ്ങളണിഞ്ഞുവന്നെത്തിയ
സപ്തവർണ്ണാംഗിയാം ഉന്മാദ ദേവതേ
സ്നേഹസുധാരസമുള്ളിൽ തുളുമ്പുന്ന
സ്നേഹമയീ സുരസുന്ദരസൂനമേ
എത്ര ജന്മാന്തരം പിന്നിട്ടു വന്നു നീ
ചിത്രവർണ്ണാംഗിയായ് പൂത്താലമേന്തുവാൻ
വർണ്ണങ്ങളാലന്യചിത്തം കവരുവാൻ
മന്ദസ്മിതം തൂകി നില്ക്കും ഹരാംഗിനി
നർത്തനവേദിയിലുന്മാദിനീ ദേവ-
നർത്തകിയായ് വന്നനാട്യവേദാംഗനേ
കാലം പ്രണയിച്ചു തീരാത്ത കാമിനി
കാമിതമാണു നിൻ താരിളം പൂവുടൽ
എത്രജന്മങ്ങളായ് നിന്നിലലിയുവാൻ
എത്രമോഹിച്ചെത്ര കാത്തീവനികയിൽ
പ്രേമർദ്രമാമെന്റെ മാനസമെന്നുമീ
പ്രേമവൃന്ദാവന രാഗാതിരേകമായ്
മുള്ളിലും പൂക്കുന്ന പുഷ്പാഭിരാമമേ
മുഗ്ധലാവണ്യമാം രാസവിലാസിനി
നോവുമെന്നുള്ളത്തിൻ വേവകറ്റീടുവാൻ
നീയിന്നുമെന്നുമെൻ ജീവനിൽ പൂക്കുക
ആവില്ലെനിക്കെന്റെ മോഹശതങ്ങളെ
നുള്ളിക്കളയുവാനാവില്ലൊരിക്കലും
എന്നെന്നുമെൻ പ്രേമസൌഗന്ധികങ്ങളെ
സത്കരിക്കാനെന്റെ ചിത്തം തുടിക്കയായ്
മാമകചിത്തത്തിലെന്നും നിനക്കൊരു
മാസ്മരമണ്ഡിത മണ്ഡപം തീർത്തു ഞാൻ
നീ വരൂ മോഹിനി പൂർണ്ണമാകാത്തൊരെൻ
നവ്യാനുരാഗം നവരസമാക്കുവാൻ !

No comments:

Post a Comment