Monday, December 9, 2013

ഗൃഹാതുരത്വം




ഇന്ദിരാ അശോക്



ഈറനുടുത്തു പൊന്നമ്പലം ചുറ്റുന്ന
സന്ധ്യാംബരത്തിലെ മേഘമേ നീ
പാതി മറഞ്ഞൊരെന്നോലക്കുടക്കീഴിൽ
പാതിമെയ് കണ്ടുവോ നാണമായോ ?

ഇന്നുമെൻ ചെമ്പകം പൂക്കുന്നുവോ, വൃഥാ
പൂങ്കൈത പൂമണം വീശുന്നുവോ ?
ഇടവഴി ചേരുമ്പോൾ മഴവെള്ളപ്പാച്ചിലിൽ
കൂട്ടുകാരൊത്തു  കളിക്കുന്നുവോ ?

അച്ഛനെ നിത്യവുമോർക്കുന്നു ഞാൻ പെറ്റൊ-
രമ്മയെ ഓർക്കാ നിമിഷമില്ല,
ഓർക്കുന്നു ഞാനെന്റെ ബാല്യവും തളിരായി-
പ്പൂക്കുന്ന, കായ്ക്കുന്ന യൌവ്വനവും .

ഈറനുടുത്തു പൊന്നമ്പലം ചുറ്റുന്ന
സന്ധ്യാംബരത്തിലെ മേഘമേ നീ
പാതി മറഞ്ഞൊരെന്നോലക്കുടക്കീഴിൽ
പാതിമെയ് കണ്ടുവോ ദൂരെയെങ്ങാൻ ?

2 comments:


  1. മനോഹരം ഈ വരികൾ. ഇനിയും എഴുതുക. ആശംസകൾ

    ReplyDelete
  2. സ്നേഹിതേ, നല്ല കവിത, ആശംസകള്‍...പുതിയ കവിതകള്‍ക്കായികാത്തിരിക്കുന്നു.

    ReplyDelete