Sunday, August 17, 2014

ആരുടേതാകാം


ആരുടേതാകാം
--------------------

പ്രീത കെ.വി., പരിയാരം


ആരുടേതാകാം ഈ തൂവൽസ്പർശം ?
ആയിരം കടന്നലുകളൊരുമിച്ച്‌
കുത്തിയാലെന്നപോൽ
മെയ്നോവാൽ പിടയവെ,
തലോടൽ പോൽ.......

ആരുടേതാകാം ഈ മുളന്തണ്ടിൻ മധുരഗീതം ?
ആയിരം കൂരമ്പുകളാൽ
തുളച്ച
ഹൃദയഭിത്തിയിൽ
അമൃതമഴയായ്
പെയ്തിറങ്ങുമ്പോൾ........

ആരുടേതാകാം ഈ കണ്ണീർച്ചുംബനങ്ങൾ ?
ആയിരം തപ്താശ്രുക്കളാൽ
പൊള്ളുന്ന കവിളിന്റെ
നോവുകളൊപ്പിയെടുക്കുമ്പോൾ......

ആരുടേതാകാം ഈ മൃദുല സാന്ത്വനം ?
ആയിരം നാവുകളാൽ
ശാപവചനമുതിരുമ്പോൾ
ഇലച്ചാർത്തിലെ 
ചന്ദനത്തണുപ്പുപോൽ.........

ഹൃദയാർദ്രമീ കവിതതൻ കനവുകൾ,
കടലാഴമീ കരളിൽ ദൈന്യങ്ങൾ,
ശോകാർദ്രമീ വാഴ് വിൻ വ്യഥകൾ
അതിദൈന്യമീ മണ്ണിൻ തേങ്ങലുകൾ
ആരുടേതാകാമീ  കനവുകൾ - ദൈന്യങ്ങൾ - വ്യഥകൾ ?
ആരുടേതാകാമീ സങ്കടമിഴികൾ,  മൊഴികൾ ....??

2 comments:

  1. nalla kavitha,preethe, kavitha saanthwanam konduvarum..theercha

    ReplyDelete
  2. അക്ഷരങ്ങൾകൊണ്ട്‌ മനസ്സിനെ എങ്ങനെ സ്പർശിക്കാമെന്ന്‌ ഈ കവിത തെളിയിക്കുന്നു.

    ReplyDelete