Tuesday, April 7, 2015

മൈഥിലിയുടെ പ്രതിഷേധം


മൈഥിലിയുടെ പ്രതിഷേധം
---------------------------------------
(എൻ.കെ.കൃഷ്ണൻ)

ചന്ദനപ്പൊട്ടിട്ട നെറ്റി, ശ്യാമാഞ്ജനം
രമ്യമായോരം വരച്ചോരു കണ്ണുകൾ
ഉന്നിദ്രദീപ്തമാം സൌമ്യം മനസ്സിന്റെ-
യുള്ളിൽ കിളിർക്കുന്ന ഭാവനൈർമല്യ,മെൻ
കണ്ണിലും കരളിലും തേൻ തുള്ളി വീഴ്ത്തുന്ന
ചങ്ങാത്ത, മാകെ വെളുത്ത പൂമേനി, തൻ-
കുഞ്ഞി വാലാട്ടിയും, തുള്ളിയും, ചാടിയും
വന്നെന്റെ കൂടെയാപ്പൈങ്കിടാവിന്നലെ..
ഞാനേ കൊടുക്കണം കഞ്ഞിയും വെള്ളവും
ഞാനേ കൊടുക്കണമിളം കറുകനാമ്പുകൾ
ഞാനേ തലോടണം മുക്കിയും മൂളിയും
ഞാനൊട്ടു കൊഞ്ചണ, മുറങ്ങുന്നതിൻ മുമ്പ്
ഞാനേ കൊടുക്കണം നാലഞ്ചു ചുംബനം
അമ്മയില്ലാത്തൊരാപ്പൈയിളം തയ്യലി-
ന്നമ്മ ഞാനച്ഛനും, തോഴനും, തോഴിയും
എൻ നിഴൽ കാണുമ്പൊഴാ നീലനീൾമിഴി-
ക്കുള്ളിൽ ജ്വലിക്കുമാനന്ദദീപാവലി !
ഞാനിട്ട കുഞ്ഞിക്കയറിൻ കുരുക്കില-
ത്താടയെങ്ങാനുമുരഞ്ഞുപൊട്ടുന്നുവോ
നാലഞ്ചുവട്ടം ഉറപ്പു വരുത്തിയേ
വേലയ്ക്കു പോവാനിറങ്ങിടാറുള്ളു ഞാൻ
എങ്ങു പോകുമ്പൊഴും യാത്ര ചോദിക്കണം
എപ്പോൾ വരുമ്പൊഴും സമ്മാനമേകണം
ഞാനുമെൻ മൈഥിലിക്കുഞ്ഞും പരസ്പരം
ലാളിച്ചു നാളുകൾ പോക്കി പതുക്കവെ
വേനലിൻ പന്തവും മാരിതൻ ധാരയും
മേദിനിമൂടുന്ന മഞ്ഞിൻ പുതപ്പുമി-
ങോരത്തു നില്ക്കും ശിശുക്കൾക്കു നല്കിയ-
ക്കാലമാമപ്പൂപ്പനെങ്ങോ നടക്കവെ
ആകാരസൌഷ്ടവ സമ്പന്നയായ് നവ്യ
താരുണ്യരമ്യയായ്ത്തീർന്നെന്റെ മൈഥിലി
താമ്രാഭമാകും മുലക്കാമ്പുകൾ, കാൺകി-
ലാരും തിരിഞ്ഞുനോക്കീടും, നിതംബ, മ-
ന്യൂനസമ്പുഷ്ടമാം പൂവുടൽ, മുമ്പോട്ടു
ചായുന്ന കൊമ്പുകൾ, നീലക്കുളമ്പുകൾ
സ്വപനശതങ്ങൾതൻ കല്ലോലമാലകൾ
സ്വഛ വിഹാരം നടത്തുന്ന കണ്ണുകൾ.
             (2)
വാവടുത്തോരുനാളസ്വസ്ഥചിത്തയായ്
ഏറെക്കരഞ്ഞു തളർന്നുപോയ് മൈഥിലി
കഞ്ഞിയും വെള്ളവും തട്ടിമാറ്റീടുന്നു
കണ്ണിൽ നിന്നൂർന്നു വീഴുന്നു നീർത്തുള്ളികൾ
യോനീപുടങ്ങളിൽ ശ്വേതസാന്ദ്രദ്രവം
ഞാനമ്പരന്നുപോയ് ദീനയോ ധേനുക !
പുല്ലിനോടില്ല തെല്ലാഗ്രഹം വൈരാഗ്യ-
മെന്നോടു തോന്നിയോ? ഭാവത്തിൽ നീരസം !
മേനി വിറക്കുന്നു മൈഥിലിക്കാകവേ
വേപഥു സ്വാസ്ഥ്യരാഹിത്യവും താപവും
നിർത്താതെ വല്ലാതമറുന്നു, ഞാനിതി-
കർത്തവ്യമൂഢനായ് നിന്നുപോയ് തെല്ലിട
വേഗം വിളിക്കാമൊരു മൃഗവൈദ്യനെ-
യേറെയുണ്ടിക്കൂട്ടർ മുക്കിലും വക്കിലും.
കണ്ണടക്കൂടും പണവുമെടുക്കുവാൻ
ധർമ്മദാരങ്ങളെ മെല്ലെ വിളിച്ചു ഞാൻ
“മൈഥിലിക്കെന്തോ കുഴപ്പം, ഭിഷഗ്വരൻ
വന്നാകിലൊക്കെയും വേണ്ടപോൽ ചെയ്തിടാം”.
അല്ലൽ തെല്ലില്ലാതെ ചൊല്ലുന്നു കണ്മണി
മന്ദഹാസത്തിൽ പൊതിഞ്ഞ ഹാസ്യത്തൊടെ:
“പേനയുന്തല്ലേ തൊഴിൽ ? - ഒരു പെണ്ണിന്റെ
വേദന നിങ്ങൾക്കറിയില്ല - വൈദ്യന്റെ
സേവനം വേണ്ടൊരു കാളക്കരുത്തന്റെ
കൂടെപ്പൊറുക്കണം തെല്ലിട മൈഥിലി“
ജന്തുവെന്താകിലും പെണ്ണിന്റെ കാമിതം
പെണ്ണിനല്ലാതെ മറ്റാർക്കറിഞ്ഞീടുവാൻ !
             (3)
കയറിന്റെയറ്റം പിടിച്ചു നടന്നു ഞാൻ
പിറകെ വന്നത്യന്തതുഷ്ടയായ് മൈഥിലി
ഒരുവേള കാളക്കരുത്തന്റെ കൈകളിൽ
അമരുന്ന രംഗം കിനാവു കണ്ടായിടാം
നിറവേറുമാഗ്രഹം, രതിമൂർച്ഛ, സംതൃപ്തി-
യിവയോർത്തു സംഫുല്ലഹൃദയയായ് ധേനുക
നിയതിതൻ നിയമങ്ങൾ വഴിപോലെ കാക്കുവാൻ
നിയമിതം നിർണ്ണയം സർവ്വചരാചരം !
ഉലയുന്ന ചുമലുകൾ, പൂഞ്ഞ, കാമാഗ്നിതൻ
തിരികത്തിനില്ക്കുന്ന കണ്ണുകൾ, മുക്രയാ-
ലിണയിലുത്സാഹം വളർത്തുന്ന മൂക്കരയി-
ലുണരുന്ന പൌരുഷം, യൌവനോർജ്ജത്തിന്റെ-
യണുബോമ്പുപോലുള്ള വൃഷണം, കരുത്തിന്റെ
ഹിമവാൻ കണക്കേയടുക്കുന്ന കൂറ്റന്റെ
മദഗന്ധ, മതുമാത്രമോർക്കുന്ന ധേനുവി-
ന്നരികിലെത്തുന്നതോ ശുഷ്കനാം മാനുഷൻ !
ചെറിയൊരു സിറിഞ്ചുമായ് മൃദുലത തലോടുന്ന
കുറിയൊരിരുകാലിയെയരികിലവൾ കാൺകവെ
ഉയരുന്നു കോപം മനുഷ്യനെന്തിത്രയ്ക്കു
ചതിയനോ സ്വാർത്ഥനോ ചൂഷണവ്യഗ്രനോ?
ഒരു തൊഴി ! താഴത്തു വീഴുന്നു മൃഗവൈദ്യ-
നമിത ഭഗ്നാശയായോടുന്നു മൈഥിലി
അമറുന്നു ദൂരെ, ഞാനൊരുതുണ്ടു കയറുമായ്
മരവിച്ചു പാവപോലിനിയെന്തിനിക്കയർ !
കരയുവാനാവാതെ തലതാഴ്ത്തിനിന്നു ഞാ-
നവിവേകിയാണെന്ന ചിന്തയാൽ ലജ്ജിതൻ !

1 comment:

  1. പ്രിയ ഗുരു നാഥന്‍റെ കാവ്യ സപര്യക്ക് നമോവാകം.

    ReplyDelete