Thursday, December 25, 2014

കാവ്യാംഗന



ബാബു, പേരാവൂർ  9895980630

കാലം കനിഞ്ഞെനിക്കേകിയ പുണ്യമേ
കാമിനിയാമെന്റെ കാവ്യസുധാമയി
കന്യകയാമെന്റെ കാമസ്വരൂപിണി
കാവ്യാംഗനെ വശ്യമോഹിനിയാണു നീ
കാവ്യ തപോവന
ശൃംഗത്തിൽ വന്നു നീ
കൺകൾക്കു സായൂജ്യമേകി സുരഭിയായ്
കാമനയാൽ കാവ്യബിംബങ്ങളായിനിൻ
കാമിതമാം തളിർതാരിളം പൂവുടൽ
ദർശനപുണ്യമായ്, സ്പർശനഭാഗ്യമായ്
ദീപ്തമായ് ദീപശിഖയായി നിന്നൊളി
ദിക്മുഖമെങ്ങുംവിളങ്ങുന്നു നീയഷ്ട
ദിക്കിലും വിസ്മയരേണുപ്രവാഹമായ്
പ്രേമാതുരേ, പ്രേമഭാജനമായിനീ
പ്രേമകാവ്യങ്ങളിൽ നീന്തിനീരാടുവാൻ
പ്രാണനിൽ പ്രാണനായ് പ്രേമജേ നീയെന്റെ
പ്രാണഹർഷങ്ങളായ് മാനസേ മത്സഖീ
ഭാസുരഭാവിതൻ തുംഗനഭസ്സിലെൻ
ഭാസുരേ ക്ഷീരപഥങ്ങളായ്തീർന്നു നീ
ഭാവനാരാമങ്ങൾ പൂക്കുവാനെൻസഖി
ഭാവരസാമൃത വൃഷ്ടിപ്രവാഹമായ്
കാലത്തിനൊപ്പം നടക്കാൻ കൊതിച്ചുനാം
കാലദോഷത്തിൻ കനല്ക്കാട്ടിലൂടെയും
കരളിൽ കദനമെരിയുന്നനേരവും
കണ്ണിൽ കനിവിൻ കതിരൊളിയായിനീ
നാളതൻ സത്യം തിരഞ്ഞുനാമെത്രയോ
നാൾ വഴിപിന്നിട്ടുപിന്നിട്ടു പിന്നെയും
നന്മതൻ നാമ്പറ്റ നാടും നഗരവും
നാശകൂപങ്ങളാമാറും പുഴകളും
കാണാത്ത കാഴ്ചകൾ കണ്ടുനാമെത്രയോ
കേൾക്കാത്തതൊക്കെയും കേൾപ്പൂ വിലാപമായ്
കാലം കദനം വിതയ്ക്കുന്നെവിടെയും
കാലത്തിൻ കണ്ണീരുണങ്ങാതിരിക്കുവാൻ
കാവ്യശില്പങ്ങളിൽ കന്മദമൂറുവാൻ
കരുണാർദ്രകാവ്യം രചിക്കാനനുദിനം
തീരങ്ങളിൽനിന്നു തീരത്തിലേക്കെത്ര
തീർത്ഥാടനം ചെയ്തു നാമീവസുധയിൽ
അക്രമിക്കൾക്കരുനിന്നിടുമജ്ഞരെ
കേൾക്കയായ് വിശ്വവിപത്തിന്റെ കാഹളം
വൈരമെരിയും പകയുടെ പാളങ്ങൾ
അക്ഷയ ശാപത്തിലാറാടിനില്ക്കയായ്
മാനവത്വത്തിൻ മഹിമാസനങ്ങളിൽ
മദമത്തടിച്ചു മയങ്ങിയിരിപ്പവർ
മർത്ത്യനെ മർത്ത്യനായ് കാണാൻ കഴിയാതെ
മർക്കടന്യായം കഥിക്കുന്ന കാലമേ
മർത്ത്യസംസ്ക്കാരപ്പൊലിമയിലൻപിന്റെ
കാരുണ്യസ്പർശങ്ങളില്ലില്ലൊരല്പവും
കാലത്തിൻ ഗദ്ഗദമേറുന്നു വീണ്ടുമീ
ലോകം വിതുമ്പുന്നു നാനാവ്യഥകളാൽ
വിശ്വപ്രപഞ്ചം വിളങ്ങുന്നുവെങ്കിലും
മാനവനന്ധതമസ്സിൽ ചരിക്കയാം
ലോകം വെറിയാൽ ഘനീഭവിച്ചീടിലും
കല്പന്തകാലവും നീയുജ്ജ്വലിക്കണം
സരിത്തായ് സരിഗയായ് സാരംഗിയായി നീ
അനുസ്യൂതമെൻ കാവ്യതീർത്ഥമായ്തീരണം
ചാരുസുഹാസിനീ പൂർണിമേ നീ നിത്യ
നൃത്തവിലാസിനിയാകെന്റെമുന്നിലായ്
സപ്തവർണ്ണങ്ങളായ് സപ്തസ്വരങ്ങളായ്
സർവ്വാഭിലാഷവിഭൂഷിതയായിനീ
സ്വർഗ്ഗചൈതന്യമേ നീപെയ്തിറങ്ങണം
സർഗ്ഗപ്രഭാവവിഭാതങ്ങളിൽ സദാ
പ്രേമമനശ്വരമാകണമെന്നുമേ
നശ്വരമല്ല, തളിർക്കണം മേല്ക്കുമേൽ
പ്രണയാർദ്രമാം മൃദുമാനസമോഹങ്ങൾ
പ്രളയത്തിലുമറ്റുപോയിടാമൽ പ്രിയേ
കാലം തെളിക്കുന്ന കാളമേഘത്തിലും
കാവ്യം തുളുമ്പിക്കും കാവ്യാംഗനേ സഖീ
മൃതിയിലുമെന്നെ പുണരണം നിസ്തുലെ
മണ്മറഞ്ഞാലും സ്മരിക്കണമെന്നെ നീ


1 comment:

  1. നാം കടന്നുപോകുന്ന ഈ കാലഘട്ടത്തിന്റെ ബഹിസ്ഫുരണങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ കവിത

    ReplyDelete