Sunday, May 11, 2014

ബ്രഹ്മസത്യം ജഗത്മിഥ്യ ---- സതീശന്‍ ഇരിട്ടി

കാരണമില്ലാതെന്റെ ഉള്ളകം തപിക്കുമ്പോള്‍ 
ഓര്‍ത്ത്‌ പോവാറുണ്ടുഞാനമ്മയെ മനസ്സാലെ 
സ്നേഹമാനെന്റെ അമ്മ, വാല്‍ത്സല്യം കോരിത്തരും 
കാരുണ്യ രൂപം സര്‍വ ദുഖസംഹാരിണി .

ജീവന്റെ ഒഴുക്കിലെ ഓരോരോ നിശ്വാസവും 
കര്‍മ്മങ്ങള്‍ കൊണ്ടേ കാത്ത് കണ്‍പാര്‍ത്തിരുന്നവള്‍ 
ഉള്ളകം തപിക്കുമ്പോള്‍ മാതൃത്വം വിളംബിയെന്‍ 
ഉള്ളിലായാനന്ദത്തിന്‍ തെളിനീരൊഴുക്കിയോള്‍ !

നെഞ്ചിലായ് ചുരത്തുന്നോരമ്മിഞ്ഞപ്പാലാലെന്റെ 
കൈകാല് വളരുന്നതും കാത്ത് കാത്തിരിപ്പവള്‍ !
പുഞ്ചിരിക്കുവാന്‍ മാത്രം പഠിപ്പിച്ചവള്‍, കണ്ണീര്‍ --
വീഴുമ്പോള്‍ കരങ്ങളാല്‍ തഴുകിയൊതുക്കിയോള്‍ !
പിച്ചവെക്കുവാനെന്റെ കാലിനെയൊരുക്കിയോള്‍ബാല, ചേഷ്ടകള്‍കണ്ടാനന്ദ ക്കണ്ണീരണിഞ്ഞവള്‍.
കര്‍ണ്ണങ്ങള്‍ കേള്‍പ്പൂ നിന്റെ താരാട്ടുപാട്ടിന്നീണം 
ഉണ്ണിക്കണ്ണനായ് വളരേണമെന്നുചൊല്ലിയെന്‍ കാതില്‍ 
നിറയ്ക്കും നിറം ചേര്‍ത്ത ശ്രീകൃഷ്ണകഥാമൃതം !

     അമ്മതന്‍ കയ്യാല്‍ തീര്‍ക്കും സാമ്പാറും പുളിശ്ശേരിയും ,
     പഴക്കം ചെല്ലുന്തോറും നാവിന്ന് കൊതിയേറ്റും 
     കണ്ണിമാങ്ങയച്ചാറും മേശമേല്‍ നിറയുമ്പോള്‍ 
     ഭക്ഷണപ്രിയനല്ലിവനെന്നാലും കഴിക്കൂ നീ; 
     മകനേ കഴിക്കൂ നീ എന്ന് ചൊല്ലിയെന്‍ മുന്നില്‍ 
     പുഞ്ചിരി തൂകിക്കൊണ്ടേ വന്നു നില്‍ക്കുമെന്നമ്മ. 

      സൂര്യ ചന്ദ്രന്മാരെപ്പോല്‍ നിലനില്‍ക്കേണം നിന്റെ --
      യായുസ്സ് യുഗങ്ങള്‍ക്ക് കര്‍മ്മ സാക്ഷിയാവേണം 
      അല്ലലുമലട്ടുമില്ലാത്തോരു  ജീവിതസുഖാന്ത്യം 
     കൊടുക്കേണമെന്ന് പ്രാര്‍ഥിച്ചു മുന്നില്‍ 
     കൈ കൂപ്പി നില്‍ക്കുന്നോരെന്നമ്മയാണെന്റെ യുള്ളില്‍ 
     എന്റെ ജീവിതത്തിന്ന് വിളക്കായ് വെളിച്ചമായ് !

അമ്മേ നീ സര്‍വം സഹ:, 
അമ്മേ നീ കാരുണ്യത്തിന്‍ മൂര്‍ത്തിമദ്ഭാവം  ,
മൂല പ്രകൃതിതന്‍ തേജോരൂപം, 
അമ്മേ നീയാനന്ദത്തിന്‍ പദാനുപദ രൂപം!
അമ്മേ നീ സ്നേഹത്തിന്റെ നാനാര്‍ത്ഥ പ്രതിരൂപം!

നീ വിശ്വപ്രകൃതിതന്‍ സച്ചിതാനന്ദരൂപത്തില്‍ 
വിലയിച്ചു മനസ്സിലെ ദീപ്തമാം സ്മരണയായ് 
എന്നുള്ളിലിരുന്നൊരു ശങ്കരാചാര്യര്‍ പാടി 
ഈ ബ്രഹ്മമൊന്നേ സത്യം 
ജഗത്തോ വെറും മിഥ്യ !

2 comments:

  1. ഈ ബ്രഹ്മമൊന്നേ സത്യം
    ജഗത്തോ വെറും മിഥ്യ !
    കവിത വളരെ ഇഷ്ടമായി. പ്രത്യേകിച്ച്‌ ഈ മാതൃദിനത്തിൽ സമർപ്പിച്ചതിൽ.. ആശംസകൾ

    ReplyDelete
  2. SIR
    Maathru samarppanamaaya ee kavithakku oru paada namaskkaaram...

    ReplyDelete